Monday, June 14, 2010

കലി(ളി) കാലം...

നഗരം കാല്‍ പന്ത് കളിയുടെ ലഹരിയിലായിരുന്നു. മൈതാനത്തോട് ചേര്‍ന്ന് ബ്രസീലിന്റെയും അര്‍ജന്റീന യുടെയും കൂറ്റന്‍  കൂറ്റന്‍ ഫ്ലക്സ് ബോഡുകള്‍ ആകാശം മുട്ടെ തല ഉയര്‍ത്തി നിന്നു.മുഖത്തു പല രാജ്യങ്ങളിലെ പതാകയുടെ ചായം തേച്ച കുട്ടികള്‍ മൈതാനത്തിനടുത്തെക്ക് നീങ്ങി.

മൈതാനത്തിലെ കൂറ്റന്‍ സ്ക്രീനില്‍ ദക്ഷിണാഫ്രിക്കയിലെ കാല്‍പന്തു കളിയുടെ ഉല്‍ഗാടന  ചടങ്ങ് ആരംഭിച്ചു.നാലുവരിപ്പാത നിര്‍മ്മാണം തുടങ്ങിയാല്‍ ഇരകളാ ക്കപ്പെടുന്നവര്‍ തീര്‍ത്ത സമരപ്പന്തല്‍ ഒഴിഞ്ഞു കിടന്നു.
മന്ത് പിടിച്ച ഭാരമേറിയ ഇടതു കാല്‍ നാല് ചക്രങ്ങള്‍ ഘടിപ്പിച്ച മരപ്പലകയില്‍ നീര്‍ത്തിവെച്ചു അതി രാവിലെ ഇഴഞ്ഞു തുടങ്ങിയ  വൃദ്ധന്‍  സമരപ്പന്തലിനോട് ചേര്‍ന്ന് അല്പം വിശ്രമിച്ചു.മന്ത് പിടിച്ച കാലിലെ പഴകിയ വ്രണങ്ങള്‍ ഭേദമായിക്കണ്ട  കറുത്ത തടിപ്പുകള്‍ക്ക് മുകളില്‍ ഈച്ചകള്‍ ആശയറ്റു കിടന്നു.
മഴക്കാലത്തിന്റെ ആരംഭമെങ്കിലുംആകാശത്തു നവമേഘങ്ങള്‍ പെയ്യാതെ തൂങ്ങി നിന്നു.സൂര്യതാപം നിരത്തിലെ ഉരുകുന്ന ടാറില്‍ പതിച്ചു ശരീരത്തിലേക്ക് വ്യാപിക്കുന്നു.കാലാവസ്ഥകള്‍ പോലും ഗതി മാറി ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന കലികാലത്തെ ക്കുറിച്ച് വൃദ്ധന്‍ സ്വയം പരിതപിച്ചു.ഭിക്ഷ പാത്രം നീട്ടാതെ നാണയം മടിയിലെക്കിട്ടു തന്ന മാന്യന്റെ ഔദാര്യതക്ക് ,നാണയം നെറ്റിയോടു ചേര്‍ത്തു വെച്ച്  വൃദ്ധന്‍ നന്ദി പ്രകടിപ്പിച്ചു.
മൈതാനത്ത് ഏതോ ഒരു ടീം ഗോളടിച്ചപ്പോള്‍ ഉയര്‍ന്ന ആരവം ശക്തമായൊരു മേഘ ഗര്‍ജ്ജനത്തില്‍ അലിഞ്ഞുപോയി.ആഫ്രിക്കയുടെ പതാകയില്‍ മുഴുവന്‍ പുതച്ച ഒരു ഓട്ടോറിക്ഷ ,മൈതാനത്തിനടുത്തെക്ക് കുത്തി നിറച്ച യാത്രക്കാരുമായി നിരങ്ങി നീങ്ങി.
വീണ്ടും നിമിഷങ്ങളോളം നീണ്ടു നിന്ന മേഘ ഗര്ജ്ജനത്തിനോടുവില്‍ പുതു മഴത്തുള്ളികള്‍ താഴേക്ക്‌ പ്രവഹിച്ചു തുടങ്ങിയപ്പോള്‍ വൃദ്ധന്‍ ശക്തി മുഴുവന്‍ മുന്‍ കൈകളിലേക്ക് ആവാഹിച്ചു സമരപ്പന്തലിലേക്ക് നിരങ്ങിക്കയറി .
വിശപ്പ്‌ ആമാശയത്തില്‍ നിന്നും ശരീരത്തിന്റെ ഓരോ അനുവിലെക്കും പടര്‍ന്നു.ടാറിട്ട നിരത്ത് പുതു മഴയുടെ ആശ്ലേഷണ ത്താല്‍ നീരാവിയുതിര്‍ത്തു.
ഭിക്ഷാ പാത്രം ശൂന്യമായിരുന്നു.ചില്ലറ നാണയത്തുട്ടുകള്‍ പെരുകി ഒരു നേരത്തെ ആഹാരത്തിനുള്ള താവുമ്പോള്‍ നാഴികകള്‍ കഴിയും.ശേഷം എതിര്‍വശത്ത്‌ കാണുന്ന ഭക്ഷണ ശാലയിലേക്ക് ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നിരങ്ങി നീങ്ങണം.മഴ ശക്ത്തിയായി പെയ്തു തുടങ്ങി.വൈകിയെത്തിയ മഴക്കാലം പ്രകൃതിയോടു പ്രതികാരം  തീര്‍ക്കുംപോലെ തിമര്‍ത്തു പെയ്തു.സമരപ്പന്തലിന്റെ ഒരു ഭാഗം മുഴുവന്‍ ചോര്‍ന്നൊലിച്ചു തുടങ്ങി.
ശരീരത്തില്‍ വസ്ത്രം തീരുന്നിടം മുഴുവന്‍ സ്വര്‍ണ്ണം ധരിച്ച സ്ത്രീ യെ ചുറ്റിപ്പിടിച്ചു നടന്നു വന്ന ഒരു യുവാവ് മന്ത് പിടിച്ച കാലിലേക്ക് പുച്ഛത്തോടെ ഒന്ന് നോക്കി മുഖം തിരിച്ചു നടന്നു.
മുകള്‍ ഭാഗം മറച്ച ഒരു വാഹനത്തില്‍ മൈതാനത്തിലെക്കുള്ള വേവിച്ച ഭക്ഷണങ്ങള്‍  നീങ്ങി.മഴ ഒട്ടൊന്നു ശമിച്ചപ്പോള്‍ വൃദ്ധന്‍ പതിയെ മന്ത് പിടിച്ച കാല്‍ വെളിയിലേക്ക് നീട്ടി വെച്ചു.സമരപ്പന്തലിനു പുറകിലെ കാവയില്‍ മന്ത് പരത്തി കൊതുകുകള്‍ പറന്നുയര്‍ന്നു.ശൂന്യമായ ഭിക്ഷ പാത്രത്തില്‍ വൃദ്ധന്‍ ചെറു കല്ലുകളിട്ടു ഇളക്കി ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചു മൈതാനത്തെ കൂറ്റന്‍ സ്ക്രീനില്‍ കളി കഴിഞ്ഞു കാല്‍പന്തു വിശ്രമിച്ചു.ഒന്നില്‍ കൂടുതല്‍ ഗോളുകളടിച്ച ടീമിന്റെ ആരാധകര്‍ ആനന്ദ നൃത്തം ചെയ്തു.പരാജയപ്പെട്ട ടീമിന്റെ ആരാധകര്‍ മന്ത് പിടിച്ച ഹൃദയവുമായി ഗാലറിയിറങ്ങി.
മൈതാനത്തെ ആഹ്ലാദാരവങ്ങള്‍ ദൂരേക്കലിഞ്ഞില്ലാതായപ്പോള്‍ വൃദ്ധന്‍ സാവധാനം  ഭാരമേറിയ മന്തുകാല്‍ മരപലകയിലേക്ക് എടുത്തു വെച്ചു   മൈതാന ത്തിനരികിലുള്ള ചവറ്റു കൂനയിലേക്ക് ലക്‌ഷ്യം വെച്ചു നിരങ്ങി നീങ്ങി .