Wednesday, July 14, 2010

മഴയിലേക്ക്‌ ഒരു പൈങ്കിളിക്കഥ ...

അണയാന്‍ പോവുന്ന മണ്ണെണ്ണ വിളക്കിലേക്ക് അല്പം എണ്ണ കൂടി ഒഴിച്ച് അമ്മു മുത്തശിയുടെ കാല്‍ തിരുമ്മി.പുറത്ത്‌ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.ചീവീടുകള്‍ നിര്‍ത്താതെ സംഗീതം പൊഴിച്ച് രാവിനെ കൂടുതല്‍ മനോഹരമാക്കി.വെളിച്ചം






കെട്ടു പോവാതിരിക്കാന്‍ കുളുര്‍ന്നു വിറച്ചൊരു മിന്നാ മിനുങ്ങു ഇറയത്തെക്കു കയറി നിന്നു.ജനലഴിയിലൂടെ അരിച്ചു വന്ന തണുപ്പ് കാറ്റേറ്റ് മുത്തശി പുറം തിരിഞ്ഞു കിടന്നു.നേര്‍ത്തൊരു മിന്നലില്‍ ഒരു നിമിഷം ഓലപ്പുരയുടെ ഉമ്മറം മുതല്‍ നോക്കെത്താ ദൂരത്തു വിളഞ്ഞ നെല്‍പാടങ്ങളും കടന്നു അനന്തതയിലേക്ക് മനോഹരമായൊരു ദൃശ്യം അമ്മുവിന് കാഴ്ച വെച്ചു.ഓല മെടഞ്ഞുന്ടാക്കിയ പിന്‍ഭാഗത്തെ വാതിലില്‍ കൂടി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച കള്ളിപ്പൂച്ചയെ അമ്മു വിരട്ടിയോടിച്ചു.വെള്ളം നിറച്ച പഴയ വക്കുകള്‍ പൊട്ടിയ പാന ചേര്‍ത്തു വെച്ചു വാതിലടച്ചു.മഴ അല്പം ശമിച്ചിരുന്നു.അടുക്കള ഭാഗത്തെ പുളി മരത്തില്‍ നിന്നും മഴയുടെ ബാക്കി വന്ന ജല കണങ്ങള്‍ കാറ്റ് തെങ്ങോല മെടഞ്ഞു മേഞ്ഞ മേല്‍ക്കൂരയിലേക്ക് കുടഞ്ഞിട്ടു.ജയദേവന്‍ ഇനിയും എത്തിയിട്ടില്ല.അമ്മുവിന്‍റെ കളിക്കൂട്ടുകാരന്‍ ജയദേവന്‍ ഒരു മാസം മാത്രമേ ആയിട്ടുള്ളൂ അവളുടെ കഴുത്തില്‍ താലി കെട്ടിയിട്ട്‌.അയാളെ ഓര്‍ത്തപ്പോള്‍ അമ്മുവിന്‍റെ ഇടതു ചെവിക്കു പുറകിലെ മറുക് ഉണര്‍ന്നു നിന്നു.എന്തോ പിറ്പിറ്ത്തുകൊണ്ട് മുത്തശി വീണ്ടും മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.അടുത്ത പട്ടണത്തില്‍ ബസ് സ്ടാണ്ടിലെ ചുമടെടുപ്പുകാരനാണ് ജയദേവന്‍ ഗ്രാമത്തിലേക്കുള്ള അവസാനത്തെ ബസ്സിലാണ് ദിനവും തിരിചെത്താറുള്ളത്‌..അമ്മു ഓര്‍ത്തു അവളുടെ



അയല്‍ക്കാരായിരുന്നു ജയദേവന്റെ കുടുംബം ,കളിക്കൂട്ടുകാരനും.ബാല്യം മുതല്‍ നിഷ്കളങ്കമായി പ്രണയിച്ചു കൌമാരത്തിന്റെ മഴയിടങ്ങളിലൂടെ സഞ്ചരിച്ചു യൌവ്വന ത്തില്‍ ഒന്നിച്ചു ചേരാന്‍ ഭാഗ്യം ലഭിച്ചവര്‍.മഞ്ഞും മഴയും വീണ നനഞ്ഞ തണുത്ത പാട വരമ്പിലൂടെയും പരല്‍മീനുകള്‍ മാനം നോക്കി കിടക്കുന്ന കൈത്തോട്ടിലൂടെയും ഒരു കുടക്കീഴില്‍ നടന്നു കളിച്ചു തിമര്‍ത്ത ബാല്യം.തൊടിയിലെ പടര്‍ന്നു പന്തലിച്ച മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ ഊഞ്ഞാലാടിത്തിമര്‍ത്തു,മഴ പെയ്തു തോര്‍ന്നു മാവിന്‍ ചോട്ടില്‍ മാമ്പഴം പകുത്തു തിന്നു,പകുതി തിന്നു തീര്‍ത്ത മാമ്പഴത്തിനായി അണ്ണാറക്കണ്ണനോട് കലഹിച്ചു തീര്‍ത്ത കുട്ടിക്കാലം ,ഓലപ്പുരയുടെ മരയഴിയിട്ട ജാലകത്തിലേക്ക്



കാതുചേര്‍ത്തു അമ്മു മയങ്ങി.മഴ വീണ്ടും ശക്തിയോടെ ഭൂമിയിലേക്ക്‌ പെയ്തിറങ്ങി .പട്ടണത്തില്‍ നിന്നും പുറപ്പെട്ട അവസാന



ബസ്സ് ഗ്രാമ പാതയില്‍ കിതച്ചു നിന്നു.ജയദേവന്‍ ചെമ്മണ്‍ പാതയിലെക്കിറങ്ങി നടന്നു തുടങ്ങി.നെല്‍ക്കതിര്‍ വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ക്കു നടുവിലൂടെ



നിവര്‍ത്തിയിട്ട ചെമ്മണ്‍ പാതയിലേക്ക് പാടം നിറഞ്ഞു വെള്ളം ഒഴുകിയിരുന്നു.വയല്‍ പൊത്തുകളലിരുന്നു പെണ്തവളകളെ വശീകരിക്കുവാന്‍ ആണ്‍തവളകള്‍ മത്സരിച്ചു കരഞ്ഞു കൊണ്ടിരുന്നു.പ്രണയാര്ദ്രയായ ഒരു പെണ്തവള ജയദേവന്റെ കാലിനടിയിലൂടെ ഇക്കിളിയിട്ട് മറു ഭാഗത്തേക്ക് ഊളിയിട്ടു.മഴ കൊണ്ട് തണുത്ത വയല്‍ കാറ്റ് ജയദേവനെ തരളിതനാക്കി വടക്കോട്ട്‌ വീശി.ചെമ്മണ്‍വഴിയില്‍ നിന്നും തിരിഞ്ഞ നടവരമ്പ് അവസാനിക്കുന്നിടത്ത് വീട്ടു തൊടിയിലെക്കുള്ള നടപ്പാലം വരെ വെള്ളം കയറി നിന്നു.വഴുക്ക് പിടിച്ച തെങ്ങിന്‍ പാലത്തില്‍ ഒരു നീര്‍ക്കോലിക്കുഞ്ഞു ചെറു പരലിനെ ലക്ഷ്യമിട്ട് നിന്നു. അമ്മു കൊളുത്തിടാന്‍ മറന്ന വാതിലില്‍ കൂടി വീട്ടിലേക്കു കയറിയ ജയദേവന്റെ കൂടെ കുളുര്‍ന്നു വിറച്ച മിന്നാമിനുങ്ങും കൂട്ട് കൂടി.ജാലകത്തിലേക്ക് തല ചായ്ച്ചുറങ്ങുന്ന അമ്മുവിന്‍റെ മുഖം മണ്ണെണ്ണ വിളക്കിന്റെ പ്രഭയില്‍ തിളങ്ങി നിന്നു.സ്വപ്‌നങ്ങള്‍ മിന്നി മറയുന്ന മുഖത്തു ഒരു വാഴയില കുടയാക്കി ഒരു ജീവിതം മുഴുവന്‍ മഴക്കാലമാക്കി പിന്നിട്ട കളി ക്കൂട്ടുകാരിയുടെ സാഫല്യം ജയദേവന്‍ വായിച്ചെടുത്തു.തണുത്തുറഞ്ഞ ഇടതു ചെവിക്കു പുറകിലെ തവിട്ടു നിറമുള്ള മറുകില്‍ ജയദേവന്‍ പതിയെ ചുംബിച്ചു.അമ്മുവിന്‍റെ ഉണര്‍ച്ച ക്കൊപ്പം മറുകും ഉണര്‍ന്നിരുന്നു,മഴ തോര്‍ന്നു തണുപ്പകന്ന തൊടിയില്‍ മിന്നാ മിനുങ്ങുകള്‍ ആനന്ദ നൃത്തം ചെയ്തു.പതിയെ അമ്മു ജയദേവന്റെ ആലിംഗനത്തിലേക്ക് ഒതുങ്ങി

Monday, July 12, 2010

നഷ്ടപ്പെട്ട കളിപ്പാവകള്‍ ...

അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന്‍ പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത്‌ കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.






താര്‍പ്പായ മേല്‍കൂര വിരിച്ച അഭയാര്‍ത്തി കൂടാരത്തിന് മുമ്പിലെ മലിന ജലത്തില്‍ അംഗ ഭംഗം വന്ന കുട്ടികള്‍ കളിക്കുന്നു.ഫത്തൂമി വീണ്ടും കരഞ്ഞു.ഇപ്പോള്‍ അവള്‍ കരഞ്ഞത് വിശന്നിട്ടായിരുന്നു.ഉമ്മു അയ്മന്‍ വെള്ളം ചൂടാക്കി അല്പം ഗോതമ്പ് അതിലേക്കിട്ടു ചൂടാക്കി ത്തുടങ്ങി.





അയ്മന്‍ കടല്‍ തീരത്തെക്കായിരുന്നു ഓടിയത്.ധ്യാനത്തിലെന്ന പോലെ ഇരുന്ന കിഴവന്റെയടുത്തു അയ്മനിരുന്നു.കിഴവന്റെ കണ്ണില്‍ നിന്നും ഉപരോധമില്ലാതെ കണ്ണ് നീര്‍ ഒഴുകി മൈലാഞ്ചി ത്താടിയും നനച്ചു മുഷിഞ്ഞ വസ്ത്രത്തിലേക്ക്‌ ഒഴുകി.





അയ്മന്‍ കിഴവന്റെ ഒരു ഗ്ലാസ്സ് പൊട്ടിയ ദൂര ദര്ശിനിയില്‍ സഹായഹസ്തവുമായി വരുന്ന ഒരു കപ്പല്‍ തിരഞ്ഞു.കടല്‍ ക്കരയില്‍ അയ്മനും കിഴവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .കടല്‍ ത്തീരം മരുഭൂമി യിലേക്ക് ലയിച്ചു നിന്നു.





കിഴവന്റെ കണ്ണ് നീര്‍ പോലെ തിരമാലകള്‍ ഉപരോധമില്ലാതെ കരയിലേക്ക് കയറിയും കടലിലേക്ക്‌ ഇറങ്ങിയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു.ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടം യമനെ വീണ്ടും മ്ലാനവദനാക്കി .കിഴവന്‍ യമനെ അരികിലീക്ക് ചേര്‍ത്തു നിര്‍ത്തി പിറുപിറുത്തു.''വരും ഒരു കപ്പല്‍ ക്ഷമിക്കൂ കുട്ടീ ''.





സൈന്യം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത വീടിനു താഴെ ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടത്തിനൊപ്പം തന്റെ ജെഷ്ടനും പിതാവും മണലില്‍ പുതഞ്ഞു കിടന്നു.കിഴവന്‍ എഴുന്നേറ്റു യമനോട് ഒന്നും മിണ്ടാതെ അതിര്‍ത്തിയില്ലാത്ത കടല്‍ തീരം മുറിച്ചു കടന്നു മരുഭൂമി യിലെക്കെവിടെയോ മറഞ്ഞു.





കടല്‍ തീരത്ത്‌ അയ്മന്‍ മാത്രമായി.തകര്‍ത്താലും എളുപ്പം പണിയാനാവുന്ന മാള ങ്ങളിലേക്ക് ബുള്‍ ടോസരിന്റെ മഞ്ഞ നിറമുള്ള ഞണ്ടുകള്‍ ഒളിച്ചു കളി തുടര്ന്നു.കിഴവന്‍ ഉപേക്ഷിച്ചു പോയ ദൂര ദര്ശിനി യുടെ പൊട്ടിയ ഗ്ലാസ്സില്‍ അയ്മന്‍ ന്റെ മുഖം മുറിഞ്ഞു കിടന്നു.





ഉമ്മു അയ്മന്‍ ഗോതമ്പ് കഞ്ഞി വേവിച്ചു അയ്മന്‍ നെ കാത്തിരുന്നു.നഷ്ടപ്പെട്ട കളി പാവയെ ഓര്‍ത്ത്‌ കരഞ്ഞു ഫത്തൂമി ഉറങ്ങി.അബൂ അയ്മന്‍ ന്റെ വിവാഹ നാളെടുത്ത ചിത്ത്രത്തിലേക്ക് വികാരമില്ലാതെ നോക്കി ഉമ്മു അയ്മന്‍ നെടു വീര്‍പ്പിട്ടു.





ഉപരോധം സൃഷ്ടിച്ച പട്ടാള ബാരക്കുകളില്‍ വീഞ്ഞും രതിയുമൊഴുകി.ചെറു കല്ലുകള്‍ പെറുക്കി എടുത്തു അംഗ ഭംഗം വന്ന കുട്ടികള്‍ ശൂന്യത യിലെക്കെ റിഞ്ഞു തങ്ങളുടെ പ്രതിഷേധം അറിയിച്ചു.സ്വന്തം നാട്ടില്‍ അന്യമാക്കപ്പെട്ട കുട്ടികള്‍ നഷ്ടപ്പെട്ട കളി പ്പാട്ടങ്ങളും തകര്‍ന്ന വീടുകളിലെ വിരല്‍ പ്പാടുകളും ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു.







ദൂര ദര്‍ശിനിയില്‍ പൊട്ടാത്ത ഗ്ലാസ്സിലൂടെ അകലെ തകര്‍ന്ന കപ്പലില്‍ നിന്നും ഒഴുകി നടന്ന ഒരു കളി പ്പാവ അയ്മന്‍ ന്റെ ദൃഷ്ടി യിലേക്ക് കടന്നു വന്നു.ഉമ്മു അയ്മന്‍ ഗോതമ്പ് വിതരണം ചെയ്യുന്ന വരിയിലെ അവസാനത്തെ അഭയാര്‍ത്തി സ്ത്രീ ആയിരുന്നു..





കടലില്‍ അയ്മന് തൊടാനാവാതെ കളിപ്പാവ തെന്നി യൊഴുകി ക്കൊണ്ടിരുന്നു.നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ ഫത്തൂമിയുടെ ആഹ്ലാദം അയ്മന്‍ നെ ഉല്സാഹ വാനാക്കി...



പകുതിക്കു താഴെ ശതമാനം വരുന്ന ബാക്കി അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഗോതമ്പി ല്ലാതെ സന്നദ്ധ പ്രവര്‍ത്തകര്‍ ആകാശത്തേക്ക് കൈയുയര്‍ത്തി പ്രാര്‍ത്ഥന യില്‍ മുഴുകി.അവസാനത്തെ വരിയില്‍ ഉമ്മു അയ്മന്‍ തളര്‍ന്നു വീണു.തകര്‍ന്ന വീട്ടിനടിയില്‍ നഷ്ടപ്പെട്ട കളിപ്പാവയെ ഓര്‍ത്ത്‌ ഫത്തൂമി അപ്പോഴും കരയുന്നുണ്ടായിരുന്നു