Saturday, July 24, 2010

ശ്രീനിയുടെ കഥകള്‍ ..

പൂര്‍ണ്ണ ഗര്‍ഭിണി യായിരുന്നു ശ്രീനിയുടെ പ്രിയതമ ദീപ .നീര് വന്ന കാല്‍ സ്ടൂളിലേക്ക് പൊക്കി വെച്ചു അവള്‍ ശ്രീനിയോട്‌ പരിഭവം പറഞ്ഞു.






പ്രശസ്തിയിലേക്ക് താനെ ഉയര്‍ത്തുന്ന തന്റെ ഇനിയും പിറക്കാത്ത ഒരു കഥയെ ഓര്‍ത്ത്‌ സ്വയം പരിതപിക്കുകയായിരുന്നു ശ്രീനി.





ദീപയുടെ ആദ്യ പ്രസവത്തിന്റെ കടമ്പകള്‍ താണ്ടാന്‍ വീട്ടിലേക്കു കയറുന്ന വഴിയുടെ ഒരു വശം കല്ലുവെട്ടു കുഴിയാക്കേണ്ടി വന്ന ബാക്കി ഭാഗത്ത് അശോക ത്തെച്ചികള്‍ വളര്‍ന്നു നിന്നു.വഴിയിലേക്ക് ചാഞ്ഞ കൊമ്പുകള്‍ വകഞ്ഞു മാറ്റി മുറ്റത്തെത്തിയ തപാല്‍ക്കാരന് ഒരു ഗ്ലാസ് സംഭാരം കൊടുത്തു ദീപ മന്ദസ്മിതത്തോടെ കഞ്ഞി കൂര്‍ക്കല്‍ ഇല തേടി തൊടിയിലേക്കിറങ്ങി.





''എഴുത്ത് നിര്‍ത്തണം ഇനി താങ്കള്‍ എഴുതാന്‍ പാടില്ല.''എന്ന താപാലിലെ കത്തില്‍ ഒരു മാന്യ പ്രേക്ഷകന്റെ കൈയക്ഷരം ദീപയുടെതുമായി സാമ്യം തോന്നിയത് യാദൃശ്ചികമായിരിക്കാം .





ഉച്ച വെയില്‍ മൂത്ത് അശോക ത്തെച്ചികള്‍ വാടും നേരം വരെ ദീപയുടെ വിസ്തരിച്ചുള്ള കുളി നീണ്ടു.അഞ്ചാറു വീടുകള്‍ ക്കപ്പുറത്ത് ഡങ്കിപ്പനി മൂത്ത് മരണം വരിച്ച കാര്‍ത്തിയമ്മയുടെ ചിത കത്തി തീരുമ്പോഴേക്കും ശ്രീനിയുടെ പുതിയ കഥ അവസാന ഖണ്ഡികയില്‍ എത്തിച്ചേര്‍ന്നു.





എഴുത്ത് ശ്രീനിയുടെ ബലഹീനതയായിരുന്നു.എഴുതാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു.തന്റെ കഥകളിലെ കഥാപാത്രങ്ങള്‍ എഴുതുന്ന കഥ ക്കനുസൃതമായി യാഥാര്‍ത്യത്തിലേക്ക് ഇറങ്ങി വരാറുണ്ടായിരുന്നു പലപ്പോഴും.പനി ഇതിവൃത്തമായി കഥ രചിച്ചപ്പോള്‍ കാര്ര്തിയമ്മ ഡങ്കിപ്പനി ബാധിച്ചു മരിച്ചപ്പോഴും പ്രണയം വിഷയമാക്കി കഥ പ്രസിദ്ധീകരിച്ച നാള്‍ സുഹൃത്തായ ബാലെട്ടന്റ്ടന് മകള്‍ നഷ്ടപ്പെട്ടപ്പോഴും ശ്രീനി തന്റെ കഥ എഴുത്ത് തുടര്ന്നു.





പിറക്കാന്‍ പോകുന്ന കുഞ്ഞിനു ആണ്‍ കുട്ടിയുടെ പേര് തിരഞ്ഞെടുക്കുന്ന വിചാരങ്ങളിലായിരുന്ന ദീപ നിറ വയര്‍ തലോടിയ നേരം പുതിയൊരു കഥാതന്തു ശ്രീനിയുടെ മനസ്സിലേക്ക് ഇറങ്ങി വന്നു.കഥയും കഥാപാത്രങ്ങളും മനസ്സിനെ പെറ്റു നോവിലെക്കാനയിച്ചു.കഥയിലേക്ക്‌ യാഥാര്‍ ത്യത്തിലെ ഒരു കഥാപാത്രത്തെ ലഭിക്കാതെ ശ്രീനിയുടെ ഉറക്കംനഷ്ടപ്പെട്ടു.





കഥാപാത്രത്തിന്റെ പേര് പ്രിയതമ ദീപയെന്നു തീരുമാനിച്ച ദിവസം സന്ധ്യാ നേരത്താണ് ദീപക്ക് പേറു നോവാരംഭിച്ചത്.പ്രസവ വാര്‍ഡിലേക്ക് ദീപയെ മാറ്റിയ ഇടവേളയില്‍ ശ്രീനി തന്റെ പ്രസിദ്ധമായ കഥ എഴുതി ത്തീര്‍ത്തു.ദീപക്ക് പിറന്നത്‌ ഒരാണ്‍ കുട്ടിയായിരുന്നു.ആ വര്‍ഷത്തെ ഏറ്റവും നല്ല കഥയ്ക്കുള്ള അവാര്‍ഡു കഥാകാരന്‍ ശ്രീനിക്കായിരുന്നു...

Sunday, July 18, 2010

നന്മണ്ടൻ: ഒളിക്കാന്‍ ഇടം തേടിയ പുല്‍ ചാടികള്‍

നന്മണ്ടൻ: ഒളിക്കാന്‍ ഇടം തേടിയ പുല്‍ ചാടികള്‍

ഒളിക്കാന്‍ ഇടം തേടിയ പുല്‍ ചാടികള്‍

കൈപ്പവള്ളിയില്‍ കുരുന്നു പൂവുകള്‍ തളിരിട്ട ഒരു വൈകുന്നേരമാണ് ആദിത്യന്‍ അനിലയെ പ്രണയിക്കാന്‍ തുടങ്ങിയത്.മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വേനല്‍ കൃഷിക്ക് തടമോരുക്കുകയായിരുന്നു ഗോപന്‍ .പാടത്തിനു മുകളില്‍ ഇരുണ്ട കാര്‍മേഘ ക്കൂട്ടങ്ങള്‍ ഇപ്പോള്‍ പെയ്യുമെന്ന് വ്യാമോഹിപ്പിച്ചു പതിയെ പുക്കുന്നു മലകളിലേക്ക് നീങ്ങി.


ആദിത്യന്റെ പ്രണയസങ്കല്പങ്ങളിലേക്ക് അനിലയെ കുടിയിരുത്തിയത് ഗോപുവായിരുന്നു.അനിലയെ താന്‍ പ്രണയിചിരുന്നോ? പ്രകടിപ്പിക്കാന്‍ കഴിയാത്ത അവ്യക്തമായതെന്തോ നെഞ്ചില്‍ കിടന്നു വിങ്ങിയിരുന്നു.കൊയ്തൊഴിഞ്ഞ പാടത്ത് ഒളിക്കാനിടം നഷ്ടപ്പെട്ട പുല്‍ചാടികള്‍ തൊടിയിലേക്ക്‌ പറന്നു.പുക്കുന്നു മലയില്‍ നിന്നും തിരികെ വന്ന മേഘങ്ങള്‍ സൂര്യനൊപ്പം അസ്തമയത്തിലേക്ക് അനുഗമിച്ചു.

പേരക്കമരം തൊടിയിലേക്ക്‌ ചായ്ച്ചിട്ട കൊമ്പില്‍ ഇളം ചുവപ്പാര്‍ന്ന പേരക്കകള്‍ തിരയുകയായിരുന്നു അനില .ആദിത്യന്റെ പ്രണയം തീര്‍ത്ത വര്‍ണ്ണമോ ഗോപുവിന്റെ നെഞ്ചിലെ വിങ്ങലോ അനിലയുടെ മുഖം പഴുത്തു തുടങ്ങിയ പേരക്ക പോലെ ഇളം ചുവപ്പാര്‍ന്നിരുന്നു.ഒളിക്കാനിടം കിട്ടിയ പുല്‍ ചാടികള്‍ പേരക്ക മരയിലകളിലും താഴെ പടരന്‍ പുല്ലുകല്‍ക്കിടയിലും വിരാജിച്ചു..

ആദിത്യന്‍ സ്വപ്ന ലോകത്തായിരുന്നു.അനിലയെക്കുറിച്ച് പറയുമ്പോള്‍ ആദിത്യന് നൂറു നാവുകളായിരുന്നു.ഗോപു നട്ട പടവലവള്ളികള്‍ കായ്ച്ചു തുടങ്ങും കാലം ആദിത്യന്‍ അനിലയെ പിരിയാന്‍ വയ്യാത്ത വിധം അടുത്തു.പ്രകടിപ്പിക്കാന്‍ അറിയാത്ത പ്രണയം ഗോപുവിന്റെ ഉള്ളില്‍ കനത്തു നിന്നു.ഉണങ്ങിയ ചാണകവും ചപ്പിലയും കൂട്ടി ഗോപു പച്ചക്കറിത്തടങ്ങളില്‍ കരിച്ചു വളമാക്കി.മൂത്ത് വിളഞ്ഞ പടവലക്കായകള്‍ പെയ്യാന്‍ മടിച്ച മഴ മേഘങ്ങള്‍ പോലെ താഴേക്കു തൂങ്ങി നിന്നു.

കൊള്ളു കയറി വന്ന കുപ്പിവളക്കാരന്റെ കയില്‍ നിന്നും വര്‍ണ്ണങ്ങളുള്ള കുപ്പിവളകള്‍ ആദിത്യന്‍ അനിലയുടെ മെലിഞ്ഞു നീണ്ട കൈകളിലേക്ക്അണിയിചുകൊടുത്തു.പൂര്‍ണ്ണമായും പഴുത്ത പേരക്കകള്‍ പോലെ അനിലയുടെ മുഖവും ചുവന്നു തുടുത്തു .ആദിത്യന്റെയും അനിലയുടെയും ഇടയിലേക്ക് വര്‍ണ്ണങ്ങളിലുള്ള പുല്‍ ചാടികള്‍ പറന്നു വന്നു.

വണ്ണാത്തിപ്പുള്ലുകള്‍ മത്സരിച്ചു പാടുന്ന കാട്ടു കൈതക്കൂട്ടങ്ങളുടെ മുകളിലേക്ക് കാര്‍മേഘങ്ങള്‍ പതുങ്ങി വന്നു.ഗോപുവിന്റെ നെഞ്ചിലെ ഖനം ആദിത്യന്‍ തിരിച്ചറിയുകയായിരുന്നു.പുതു ചാണകം മെഴുകിയ തറയില്‍ നിറമുള്ള വളപ്പൊട്ടുകള്‍ നിരത്തി വെച്ചു നിറഞ്ഞ കണ്ണ്കളുമായി അനില ഗോപുവിനെ നോക്കി, പ്രകടിപ്പിക്കാന്‍ കഴിയാതെ നെഞ്ചില്‍ കനത്തു നിന്ന പ്രണയം ഉരുകിത്തുടങ്ങുന്നത് ഗോപു അറിഞ്ഞു.

ദൂരെ ഏതോ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുകയായിരിക്കാം നേര്‍ത്ത ചെണ്ടമേളം പാടത്തേക്കു ഒഴുകി വന്നു.വേനല്‍ മഴയുടെ മുന്നോടിയായി ഇടിനാദവും മുഴങ്ങി.തൊടിയിലെ കിളച്ച വരമ്പിന്‍ മൂലകളില്‍ പ്രണയം പോലെ വെളുത്ത കൂണുകള്‍ മുളച്ചു പൊന്തി.

ഉഴുതു തീര്‍ന്ന പാടത്തേക്കു മഴനാരുകള്‍ പെയ്തിറങ്ങി.കലപ്പ യഴിച്ചു സ്വതന്ത്രമാക്കപ്പെട്ട ഗോപുവിന്റെ കാളകള്‍ തോട്ടിലെക്കിറങ്ങി.വണ്ണാത്തി പ്പുള്ലുകള്‍ മഴ നനയാതെ പച്ചില ചപ്പുകളിലേക്ക് ഒളിച്ചിരുന്നു.കൈതപ്പൂവുകള്‍ മഴ നനഞ്ഞു കനമാര്‍ന്നു കൊള്ളു കളിലേക്ക് തൂങ്ങി നിന്നു.അവാച്യമായ കൈതപ്പൂ മണം അന്തരീക്ഷത്തെ മത്തു പിടിപ്പിച്ചു.നിറം മങ്ങിയ പുല്‍ ചാടികള്‍ പാടത്തേക്കു തിരിച്ചു പറന്നു.മഴ നനഞ്ഞ കാളകള്‍ ആലയിലേക്ക്‌ കയറിപ്പോയി.

കാര്‍ മേഘങ്ങളി ല്ലാത്ത ആകാശം വെളുത്തു വൃത്തിയായി നിന്നു.ഉഴുതു മരിച്ച പാടങ്ങളില്‍ പുതു നാമ്പുകള്‍ മുളച്ചു തുടങ്ങി.അനിലയുടെ വലതു കരം ഗോപുവിന്റെ വലതു കരത്തിലേക്ക് ബന്ധിപ്പിച്ചു ആദിത്യന്‍ ഒരു നിമിഷം ധ്യാന നിമഗ്നനായി.പിന്നെ യാത്ര പോലും പറയാതെ തിരിഞ്ഞൊന്നു നോക്കാതെ കൊള്ളി റങ്ങി പാടവും കടന്നു ദൂരേക്ക് മറഞ്ഞു.ഒപ്പം ഗോപുവിന്റെ മനസ്സില്‍ കനത്തു നിന്ന ഏതോ ഭാരവും .....,.