Thursday, September 23, 2010

പറയാന്‍ മറന്ന പ്രണയനൊമ്പരങ്ങള്‍..

അരുണ്‍ എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്..തിരക്കൊഴിയുമ്പോള്‍ എന്നെയൊന്നു ബന്ധപ്പെടുക..ഷാര്‍ജയിലെ ഒരു കണ്‍ സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു പ്രോജക്ടിന്റെ മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്നു അരുണ്‍.സൈലന്റാക്കി വെച്ച മൊബൈലില്‍ നാല് മിസ്സ്ട്കോളും പിന്നെ അര്‍ച്ചനയുടെ ഒരു സന്ദേശവും.

ചൂടുകുറഞ്ഞു വന്ന ഒക്ടോബരിന്റെ അവസാന വാരമായിരുന്നു.ചൂടും തണുപ്പും ആലിംഗന ബദ്ധരായ പ്രകൃതിയിലേക്ക് സമിശ്രമായൊരു കാലാവസ്ഥ രൂപപ്പെട്ടിരുന്നു.

എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചൂടില്ലാത്തത് കൊണ്ട് രാത്രികളിലേക്ക് നിശബ്ദതയുടെ ഒരു കവാടം തന്നെ തുറന്നു കിടന്നു.രണ്ടു ദിര്‍ഹത്തിന്റെ അനുവദിച്ച പാര്‍ക്കിംഗ് സമയം തീര്‍ന്നതിനാല്‍ അരുണ്‍ കാര്‍ സ്റാര്‍ട്ടു ചെയ്തു ഓഫീസിലേക്ക് തിരിച്ചതിനാല്‍ അര്‍ച്ചനയുടെ സന്ദേശം തന്നെ മറന്നിരുന്നു.

മേലുദ്യോഗസ്ഥന് മീറ്റിങ്ങിന്റെ റിപ്പോര്‍ട്ട് നല്‍കി വീണ്ടും അയാള്‍ തന്റെ ദൌത്യമായ കണക്കുകളുടെ ലോകത്തേക്ക് ഊളിയിട്ടു.''ആര്‍ യു സ്റ്റില്‍ ബിസ്സി?'' എന്ന അര്‍ച്ചനയുടെ രണ്ടാമത്തെ സന്ദേശം അയാളെ കണക്കുകളുടെ മായാലോകത്ത് നിന്നും യാഥാര്‍ത്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.

അര്‍ച്ചനയ്ക്ക് ഡയല്‍ ചെയ്തപ്പോള്‍ ആദ്യ റിംഗ് പൂര്‍ണ്ണതയിലെത്തും മുമ്പേ അവള്‍ പ്രതികരിച്ചു.അഞ്ചു മണിക്ക് ഞാന്‍ ട്രേഡുസെന്ററിന്റെ മുമ്പിലുള്ള ബസ്സ്‌ സ്റ്റോപ്പില്‍ കാത്തിരിക്കും അരുണ്‍ നീ തീര്‍ച്ചയായും വരണം .ജുമൈരയുടെ കടല്‍ത്തീരത്ത് കൂടെ അല്‍പ സമയം നടക്കണം പിന്നെ എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട ഒരു സംഭവം എനിക്ക് നിന്നോട് അറിയിക്കാനുണ്ട്.അരുണിന്റെ മറുപടിക്ക് പോലും സാവകാശം തരാതെ ധൃതിപ്പെട്ടവള്‍ ഫോണ് കട്ട് ചെയ്തു.

ഇനിയും മണി ക്കൂറുകള്‍ ബാക്കി.ഉച്ചയൂണിനു സമയമായിരുന്നു.ഓഫീസിനു താഴെ നിലയിലുള്ള മെസ്സ് ഹാളില്‍ തിരക്കു കൂടിത്തുടങ്ങി.മെസ്സിലെ കൈകഴുകുന്നിടത്തു സ്ഥാപിച്ച കണ്ണാടിയില്‍ തന്റെ മുഖം ഏതോ അപരിചിതന്റെ താണെന്നു അരുണിന് തോന്നി.ഹെയര്‍ ടൈയുടെ സഹായത്താല്‍ കൃതാവിലേക്ക് ഇറങ്ങി നിന്ന സമൃദ്ധമായ അകാല നര ഒളിപ്പിക്കാറാ ണ് പതിവ്.ഇപ്പോള്‍ ആഴ്ച കളോളമായി അതിനും താല്പര്യമിലാതായിരിക്കുന്നു.എങ്കിലും അര്‍ച്ചനയുടെ മുമ്പിലേക്ക് ഈ നരയോടു കൂടി പോവാന്‍ അയാള്‍ക്ക്‌ ജാള്യത തോന്നാതിരുന്നില്ല.

അര്‍ച്ചന തന്റെ നാട്ടുകാരി എന്ന് പറയുന്നതിലുപരി നല്ലൊരു സ്നേഹിത എന്ന് പറയുവാനായിരുന്നു അയാള്‍ക്കേറെ ഇഷ്ടം.തുല്ല്യ ദുഖിതരും.നഷ്ട പ്രതാപത്തിന്റെ ജീര്‍ണിച്ച ഓര്‍മ്മകള്‍ തകര്‍ന്നു വീണ ഒരു നമ്പൂതിരി ഇല്ലത്തിന്റെ ദ്രവിച്ച കല്ലുകള്ക്കിടയിലെവിടെയോ പതിയിരിക്കാന്‍ തുടങ്ങുമ്പോഴാണ് അവള്‍ പ്രവാസം വരിച്ചതാണെന്നാണോര്‍മ്മ

അഞ്ചാറു വയറുകളുടെ വിശപ്പിന്റെ പിന്‍വിളി കരിങ്കല്‍ പടുത്തുയര്‍ത്തുന്ന വേലയ്ക്കു അച്ഛന് ലഭിക്കുന്ന കൂലി കൊണ്ട് പുലര്‍ത്താനാവാത്ത സങ്കടങ്ങളിലേക്ക്‌ താനും ഒരു

നിയോഗം പോലെ പ്രവാസിയാവുകയായിരുന്നു.

ജോലി കഴിഞ്ഞു ഒടുങ്ങാത്ത ട്രാഫിക് കുരുക്കുകളിലേക്ക് കാറോടിക്കുമ്പോള്‍ തന്റെ ജീവിതവും അഴിയാത്ത കുരുക്കുകളില്‍ അമര്‍ന്നൊടുങ്ങുന്നത് വേദനയോടെ അയാള്‍ ഓര്‍ത്തു .

തന്റെ ജീവിതം ഹോമിച്ചതിന്റെ ഫലമായി കുരുത്തത് മൂന്നു സഹോദരിമാരുടെയും രണ്ടനിയന്മാരുടെയും ജീവിതമായിരുന്നു.അത് മാത്രമായിരുന്നു അയാളുടെ സമ്പാദ്യവും .മാന്യന്മാരായ ഭര്‍ത്താ ക്കന്മാരുടെ പൊങ്ങച്ചവും താന്‍ കൊടുത്ത വിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തില്‍ വരിച്ച വിജയത്തിലും മതി മറന്നാടിയ അനിയന്മാരും വിസ്മൃതിയിലേക്ക് തന്നെ ആട്ടി പ്പായിച്ചതും ഒരു വീണ്ടു വിചാരത്തിനയാള്‍ക്ക് അവസരം കൊടുത്തു.

തടിച്ചല്‍പ്പം മലര്‍ന്ന ചുണ്ടുകളിലും കണ്‍പീലികള്‍ക്ക് മുകളിലും നേരിയ വയലറ്റ് നിറമുള്ള ചായം തേച്ചു കഴുത്തറ്റം മുറിച്ചിട്ട ഷാമ്പൂ തേച്ചു മിനുക്കിയ മുടിയുമായി ഒരു വിദേശി വനിതയുടെ ചടുലതകളോടെ അര്‍ച്ചനയെന്ന പാലക്കാടന്‍ നമ്പൂതിരിപെണ്ണു കാറിലേക്ക് കയറുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ക്ക് കോണില്‍ ഒരു ചെറുചിരി പിറന്നു നിന്നു.

ജുമൈറയിലെ കടല്‍ത്തീരത്ത് സന്ദര്‍ശകര്‍ കുറവായിരുന്നു.തിരകളില്ലാത്ത കടലില്‍ ഓളങ്ങള്‍ മാത്രം നിശബ്ദതയെ ഭഞ്ജിച്ചു .ആഴം കുറഞ്ഞ കടല്‍ത്തീരത്തെ വെള്ളത്തിലേക്ക് വര്‍ണ്ണ പ്പന്തെറിഞ്ഞു കളിച്ച ചെറിയ കുട്ടിയെ കാണാന്‍ നല്ല ചന്തമായിരുന്നു.

''നമുക്കല്‍പ്പം നടക്കാം ''.അര്‍ച്ചന പറഞ്ഞു,അരുണിനോട് എങ്ങിനെ പറഞ്ഞു തുടങ്ങണമെന്ന് അര്‍ച്ചനയ്ക്ക് നിശ്ചയമില്ലായിരുന്നു.കമ്പനിയുടെ ഉല്പന്നത്തിന്റെ ഓണ്‍ലൈന്‍ വ്യാപാരത്തിനിടെ വില പേശലുകള്‍ക്കിടയില്‍ തര്‍ക്കത്തിലെര്‍പ്പെട്ട ഒരു ആഫ്രിക്കന്‍ യുവാവ് ..രണ്ടു മൂന്നു തവണത്തെ വ്യാപാര ബന്ധത്തിലെ ഉടക്കലിനൊടുവില്‍ അയാളെ അര്‍ച്ചന പ്രണയിക്കാന്‍ തുടങ്ങിയിരുന്നു.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്റെ ജാതിയോ ,മതമോ ,ജാതകമോ ചോദിക്കാന്‍ മനുഷ്യജീവിതം അവശേഷിക്കാത്ത ഇല്ലത്തേക്ക് ആഫ്രിക്കക്കാരനായ ആ യുവാവിനെയും കൂട്ടി ഒരു യാത്ര..തന്റെ ജീവിതത്തോടു താന്‍ തന്നെ ചെയ്യുന്ന നിശബ്ധമായ ഒരു പ്രതികാരം.

കടല്‍ത്തീരവും റോഡും അതിര്‍ത്തിയിട്ട മതിലിനു താഴെ ഇരിക്കുകയായിരുന്നു അവര്‍.അരുണിന്റെ മുഖത്തേക്ക് നോക്കാന്‍ അവള്‍ അശക്തയായിരുന്നു.

അരുണിന്റെ പ്രതികരണ മറിയുവാന്‍ കടല്‍പ്പൂഴിയില്‍ അവള്‍ നഖ ചിത്രങ്ങള്‍ വരച്ചിരുന്നു.ദൂരെ കിലോ മീറ്ററോളം കടലിലേക്ക്‌ പാത വെട്ടി ഉണ്ടാക്കിയ ചാരുതയാര്‍ന്ന കെട്ടിടത്തിനു മുകളില്‍ ആകാശത്തു അച്ഛന്‍ കെട്ടി പ്പടുത്ത കരിങ്കല്‍ പടവുകള്‍ പോലെ മേഘങ്ങള്‍ ചിത്രം വരച്ചു.
 
നേരത്തെ അവ്യക്തമായി ഒരു പൊട്ടു പോലെ കാണപ്പെട്ട മത്സ്യ ബന്ധനത്തിലെര്‍പ്പെട്ട ബോട്ട് ദൃശ്യതയിലേക്ക് തുഴഞ്ഞെത്തി .അരുണ്‍ അര്‍ച്ചന യോട് പറയാന്‍ മറന്ന പ്രണയത്തിന്റെ നൊമ്പരങ്ങള്‍ അയാളുടെ തൊണ്ടയില്‍ കുരുങ്ങി നിന്നു.......

Tuesday, September 21, 2010

തിരക്കുകളില്‍ അലിഞ്ഞില്ലാതാവുന്നവര്‍ ...

തണുത്ത നവംബറിലെ വിരസമായ ഒരവധി ദിനത്തിന്റെ പകലിലേക്കാണ് സജീവ് ഉറക്കമുണര്‍ന്നത്‌.ഉണര്‍വ്വിലും ഉറക്കിലുമായി പിന്നെയും അല്‍പ നേരം കിടന്നു.തലേന്ന് പെയ്ത മഞ്ഞിന്‍തുള്ളികളെ പുല്‍നാമ്പുകളില്‍ നിന്നും വെയിലാറ്റിയെടുക്കുമ്പോഴേക്കും അമ്മ പ്രാതല്‍ തയ്യാറാക്കി വെച്ചിരുന്നു.അനന്തപുരിയെന്ന നഗരം ആരംഭിക്കുന്നതിനു മുമ്പ് അഞ്ചു നാഴികകള്‍ക്കിപ്പുറത്തായിരുന്നു സജീവിന്റെ വീട്.ഓഹരി വിപണിയിലെ ഓഫീസിലെ ജീവനക്കാരനായിരുന്നു സജീവെന്ന അവിവാഹിതനായ യുവാവ്.ഒടുങ്ങാത്ത തിരക്കുകള്‍ക്കിടയിലെ ജീവിതത്തില്‍ വാരാന്ത്യങ്ങളില്‍ ഇത് പോലെ വീണു കിട്ടുന്ന ഈ അവധി ദിവസവും അയാള്‍ക്ക്‌ വിരസതയാണ് സമ്മാനിച്ചത്‌.കാരണം തിരക്കുകളെ അയാള്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.അല്ലെങ്കില്‍ തിരക്കുമായി അയാള്‍ താദാത്മ്യം പ്രാപിച്ചിരുന്നു എന്നും പറയാം .പ്രാതല്‍ കഴിഞ്ഞു ഇനിയും വിവാഹം കഴിക്കാത്ത പരാതിയും വാര്‍ധക്യ സഹജമായ ക്ലേശങ്ങളും അമ്മ നിരത്തി ത്തുടങ്ങുമ്പോഴെക്കും അയാള്‍ പുറത്തെക്കിറങ്ങിയിരുന്നു.റോഡില്‍ തിരക്ക് കുറവായിരുന്നു.സാധാരണ ദിനങ്ങളിലെ പ്പോലെ മരണ പ്പാചിലുകളില്ലാതെ മിക്ക സീറ്റുകളും കാലിയായ ബസ്സുകള്‍ സാവധാനം ഓടുന്നു.അടുത്തു വന്നു മെല്ലെ നിര്‍ത്തിയ ബസ്സില്‍ കയറാതെ അയാള്‍ നഗരം ലക്ഷ്യമാക്കി നടന്നു.ഒരൊഴിവ് ദിനം എങ്ങിനെ ആഹ്ലാദകര മാക്കണമെന്നു സൂചിപ്പിച്ചു പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നടുവിലായി കുറച്ചു യുവാക്കള്‍ വാഴനട്ടു നഗര സഭയോട് പ്രതിഷേധിക്കുന്ന കാഴ്ചയും കടന്നു അയാള്‍ നടത്തം തുടര്ന്നു.നഗരം തുടങ്ങുന്നതിനും ഒരു നാഴിക മുമ്പായി പൊതു ശ്മശാനത്തില്‍ ഒരു ചിത കത്തുന്നുണ്ടായിരുന്നു.പൊട്ടി വീണ വൈദ്യുത ക്കമ്പിയിലേക്ക് മൂത്രമൊഴിച്ചു ഷോക്കേറ്റു മരിച്ച ബാലന്റെ ചിതയായിരുന്നു അതെന്നു ഇന്നലെ വായിച്ച സായാഹ്ന പത്രത്തിന്റെ വാര്‍ത്തയില്‍ അയാള്‍ അനുമാനിച്ചു.നഗരത്തില്‍ യാചന നടത്തുന്നവരുടെയും ചെറു കിട കച്ചവടക്കാരുടെയും കുടിലുകളായിരുന്നു റോഡിനിരുവശവും.നഗര സഭ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറിക്കരികെ ഡ്രൈവറുമായി കയര്‍ത്തു സംസാരിക്കുന്ന വിടര്‍ന്ന കണ്ണുകളുള്ള സുന്ദരിയായ പെണ് കുട്ടിയിലേക്ക്‌ സജീവിന്റെ ദൃഷ്ടികള്‍ പതിഞ്ഞു. നഗരത്തിരക്കിലെവിടെയോ കണ്ടു മറന്ന മുഖം .തിരിഞ്ഞൊന്നു കൂടി നോക്കാന്‍ ആഗ്രഹിക്കുമ്പോഴേക്കും നിരയായി കെട്ടിയ കുടിലുകല്‍ക്കിടെയി ലെവിടെയോ അവള്‍ അപ്രത്യക്ഷയായിരുന്നു.വരുത്തി ഹീനമായ കുടിലുകളും കടന്നയാള്‍ നഗരത്തിലെ തിരക്കിലലിയുമ്പോള്‍ ഉച്ചയാവാറായിരുന്നു.പുതുതായി റിലീസാവുന്ന ചിതം കാണുവാന്‍ വേണ്ടി തിക്കി ത്തിരക്കി യ തിയേറ്ററിലെ അവസാന വരിയിലേക്കയാലും കയറി നിന്നു.പ്രഗല്ഭമായ സംവിധാനത്തില്‍ തീവ്രമായൊരു കുടുംബ ജീവിതത്തിന്റെ കഥ അഭ്ര പാളിയില്‍ നന്നായി അവതരിപ്പിച്ച ചിത്രം കണ്ടിറ ങ്ങുമ്പോ ഴാണ് ഭിക്ഷക്കാരി നീട്ടിയ പാത്രവുമായി അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.കരിക്കട്ടകള്‍ കൊണ്ട് കൃത്തിമമായി വികൃതമാക്കാന്‍ ശ്രമിച്ച ആമുഖം അയാള്‍ തിരിച്ചറിഞ്ഞത് വിടര്‍ന്ന കണ്ണുകളിലെ പ്രഭയിലായിരുന്നു.ഭിക്ഷാ പാത്രത്തിലെ ചുരുങ്ങിയ നാണയത്തുട്ടുകള്‍ക്ക് മുകളിലേക്ക് അമ്പത് രൂപയുടെ നോട്ടു അയാള്‍ ഇട്ടിട്ടും നന്ദിയോടെ അയാളുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ അവള്‍ മറ്റു ആളുകളുടെ മുന്നിലേക്ക്‌ പാത്രം നീട്ടി മുന്നോട്ടു നീങ്ങി.തിരക്കുകളിലലിഞ്ഞു ചേര്‍ന്ന അനേകം ദിവസങ്ങള്‍ക്കൊടുവില്‍ അവളറിയാതെ അയാള്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.വിരസമല്ലാതിരുന്ന വീണ്ടുമൊരു അവധി ദിനത്തിലാണ് അവള്‍ അവളുടെ കഥ അയാളോട് പറഞ്ഞത്.ഏതോ കാരണങ്ങളാല്‍ ഉച്ചക്കഞ്ഞി നിര്‍ത്തലാക്കിയ സ്കൂളില്‍ നിന്നും വരും വഴി വിശപ്പടക്കാന്‍ വഴിയരികിലെ വിഷക്കായ കഴിച്ചു മരണത്തിലേക്ക് നടന്നു പോയ കുഞ്ഞനിയത്തി..ദുഖം താങ്ങാനാവാതെ തനിക്കും അമ്മയ്ക്കും കീട നാശിനി തന്നു മരണത്തെ വരിച്ച ചെരുപ്പ് കുത്തിയും വികലാംഗനുമായ അച്ഛനെക്കുറിച്ച്.ഒരു നിയോഗം പോലെ മരണത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ അവളെ ക്കുറിച്ച്..


കഴിഞ്ഞ വര്ഷം എല്ലാ പ്രാദേശിക പത്രങ്ങളുടെയും മുന്‍പേജില്‍ നഗര പ്രാന്തത്തില്‍ സംഭവിച്ച ദുരന്തം വായിച്ചത് സജീവോര്‍ത്തു.ദുരന്ത ശേഷം സഹായ ഹസ്തവുമായി വന്നവരെല്ലാവരും എന്തിനേറെ സ്വന്തക്കാര്‍ പോലും ലക്ഷ്യമിട്ടത് തന്റെ ശരീരമാണെന്നു അറിഞ്ഞിട്ടും തളരാതെ പിടിച്ചു നിന്നു.കുടിലിനു പുറകിലെ മറപ്പുരയില്‍ നിന്നും ഒഴുകിയ വളക്കൂറുള്ള വെള്ളത്തിന്റെ സുഭിക്ഷതയില്‍ വളര്‍ന്ന മല്ലികപ്പൂക്കളിലേക്ക് അതെ നിറമുള്ള വണ്ടുകള്‍ മൂളിയെത്തി.ഓര്‍മ്മകളുടെ തിര യിളക്കത്തില്‍ കണ്ണ് നീര്‍ അവളുടെ കൃത്തിമമായുണ്ടാക്കിയ വികൃതതയിലേക്ക് ഒരു ചാല് തീര്‍ത്തു.വിതുമ്പുന്ന ചുണ്ടുകളിലേക്ക്‌ സജീവിന്റെ ഇനിയും അരുതെന്ന വിരല്‍ സ്പര്‍ശം അവളുടെ ആധ്യാനുരാഗത്തിന്റെ സാക്ഷ്യപത്രമാവുകയായിരുന്നു.വീണ്ടുമൊരു തണുത്ത നവംബറിലെ സന്ധ്യയിലേക്ക്‌ അവളുടെ കരം ഗ്രഹിച്ചു അമ്മയുടെ ആശിര്‍വാദത്തോടെ വീട്ടിലേക്കു കയറുമ്പോള്‍ തൊടിയിലെ പുല്‍ നാമ്പുകളിലേക്ക് മഞ്ഞ് പെയ്തു തുടങ്ങി യിരുന്നു.ഒപ്പം തിരക്കു കളോടുള്ള അയാളുടെ ഇഷ്ടവും അവസാനിച്ചിരുന്നു.

Sunday, September 19, 2010

അഹദിന്റെ ദുഖങ്ങള്‍ ..

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ താഴെ നിലയോട് അടുപ്പിചായിരുന്നു കുമാറിന്റെ ഓഫീസ്.ഒഴിവു ദിനമല്ലായിരുന്നു.അത് കൊണ്ടാവാം തിരക്ക് വളരെ കുറവായിരുന്നു.ജീവിതം തന്നെ യാത്രകളാല്‍ സമൃദ്ധമാക്കിയെന്നു തോന്നിച്ച വൃദ്ധ ദമ്പതികളടക്കം പത്തിരുപതു പേര്‍ വരിയില്‍ കാത്തുനിന്നു.


ഓഫീസ് ആവശ്യാര്‍ത്ഥം ഇത്തവണ ഒമാനിലെക്കുള്ള സന്ദര്‍ശനം റോഡു വഴിയാണെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ കുമാര്‍ ആഹ്ലാദിച്ചു.സഹപ്രവര്‍ത്തകനായ അറബ് വംശജന്‍ അഹദുമായി ഒരുമിച്ചുള്ള ഈ നീണ്ട യാത്ര അയാള്‍ ഏറെ ഇഷ്ടപ്പെട്ടു.

സുന്ദരനും മറ്റു അറബ് യുവാക്കളില്‍ നിന്നും ഏറെ വ്യത്യസ്തമായ സ്വാഭാവത്തിനു മുടമയുമായ അഹദിന്റെ കൂടെ കഴിഞ്ഞ വര്ഷം വിമാനം വഴി ജോര്‍ദാനി ലേക്ക് നടത്തിയ ഒരു യാത്രയുടെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മനസ്സില്‍ ഇപ്പോഴും കുമാര്‍ സൂക്ഷിച്ചിരുന്നു.

പ്രധാന ഓഫീസില്‍ നിന്നും തങ്ങളുടെ പാസ്സ്പോര്ടുകളും ശേഖരിചായിരുന്നു അഹദ് ഓഫീസിലെത്തിയത്‌.മസ്കറ്റില്‍ അനുയോജ്യമായൊരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്യണം മറ്റന്നാള്‍ നമ്മള്‍ പുറപ്പെടുന്നു എന്നറിയിച്ചു അഹദ് തന്റെ കാബിനിലേക്ക്‌ പോയി.

മൂത്ത് നിന്ന ഈന്തപ്പഴങ്ങളെ പഴുപ്പിച്ചു പാകമാക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിച്ചു കഠിനമായ താപം അടുത്ത വര്‍ഷത്തിലേക്കുള്ള തന്റെ ഊഴംകാത്തു പ്രകൃതി യനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നു.പകരം മരുഭൂമിയിലെ മരുപ്പച്ചയില്‍ മാതള മരങ്ങളെയും മറ്റു സസ്യ ലദാതികളെയും പച്ചപ്പിന്റെ ഉടയാട യണിയിക്കുവാന്‍ വേണ്ടി ശിശിരം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.

കൃത്യമായി സമയ നിഷ്ഠ പാലിക്കുന്ന അഹദ് കൃത്യ സമയത്തിനു തന്നെ എത്തുമെന്നുള്ള അറിവുള്ളതുകൊണ്ടു നേരത്തെ തന്നെ തയ്യാറായി നിന്നു.ഫ്ലാറ്റിനു താഴെ കുളുര്‍ന്നു വിറച്ച പ്രഭാതത്തിലെക്കാണ്‌ അഹദ് തന്റെ ലാന്ട്ക്രൈസര്‍ ഓടിച്ചു വന്നത്.പ്രസന്നമായി നിറഞ്ഞ പുഞ്ചിരിയോടെ അറബി ഭാഷയില്‍ സുന്ദരമായ ഒരു പ്രഭാതം ആശംസിച്ച അഹദിന് നന്ദി വാക്ക് പറഞ്ഞു കുമാര്‍ അഹദി നൊപ്പം യാത്ര തുടങ്ങി.

ഒമാനെന്ന അറബ് രാജ്യത്തിന്റെ തലസ്ഥാനത്ത് നഗര സഭ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു നീന്തല്‍ ക്കുളത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുക അതായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം...

കമ്പനി ആവശ്യാര്‍ത്ഥം പല രാജ്യങ്ങളിലും ധാരാളം മീറ്റിങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അഹദിന്റെ കൂടെയുള്ള ഓരോ യാത്രകളും ഓരോ പുതിയ അറിവുകള്‍ പകര്‍ന്നു തരാറുണ്ടായിരുന്നു.

എമിറേറ്റിന്റെ അതിര്‍ത്തിയില്‍ ഒമാന്‍ രാജ്യത്തിന്റെ നിബന്ധനകള്‍ പാലിച്ചു അവരുടെ വാഹനം അതിര്‍ത്തി കടന്നു.കാറ്റിന്റെ ഹുങ്കാരവമില്ലാത്ത ശാന്തമായ മരുഭൂമിയും ഇടയ്ക്കു വാനം മുട്ടി നില്‍ക്കുന്ന കുന്നുകളും പിന്നിലാക്കി അവരുടെ വാഹനം നീങ്ങി.

കുന്നുകള്‍ക്കു മുകളിലെവിടെയോ പെയ്ത മഴയില്‍ ഉത്ഭവിച്ച അരുവി പാതയുടെ മറു വശത്തേക്ക് ഒഴുകിയിരുന്നിടത്തു അരികു ചേര്‍ന്ന് അഹദ് വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി.കൈകുമ്പിളില്‍ കോരിയെടുത്ത ജലം കൊണ്ട് മുഖവും മുന്കൈകളും ശുദ്ധീകരിച്ചു വാഹനത്തിലിരുന്ന നമസ്കാര പ്പടമെടുത്തു മണ്ണ് അല്പം ഉറച്ച ഭാഗത്ത് നിവര്‍ത്തിയിട്ടു ഉച്ചനമസ്കാരം തുടങ്ങി.

അരുവിയിലെ ജലത്തിന് നല്ല തണുപ്പായിരുന്നു.കുമാര്‍ തന്റെ ഷൂ അഴിച്ചു വാഹനത്തില്‍ വെച്ചു അരുവിയിലെക്കിറങ്ങി കാല്‍ നനച്ചു.തണുപ്പ് ശരീരത്തിലേക്ക് ഒരു ലഹരിയായി പടര്‍ന്നു കയറുമ്പോള്‍ ഗ്രാമത്തിലെ തന്റെ വീടിനോട് ചേര്‍ന്നൊഴുകുന്നനീര്‍ച്ചാലിലെ ബാല കേളികള്‍ ഒരു ഗൃഹാതുരയായ് മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു.അനന്തരം അവര്‍ യാത്ര തുടര്ന്നു.

സ്ടീരിയോവില്‍ നിന്നും വളരെ നേര്‍ത്ത ശബ്ദത്തില്‍ ഏതോ അറബ് ഗായികയുടെ വിരഹ ഗാനം വിഷാദമായി അഹദിന്റെ മുഖത്തും നിഴലിക്കുന്നത് കുമാര്‍ അറിഞ്ഞു.അയാള്‍ പതിയെ ഗാനം സ്റ്റോപ്പ് ചെയ്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

''കുമാര്‍ നീയറിയുമോ? നമ്മുടെ ഈ യാത്രയുടെ ലക്‌ഷ്യം കൂടാതെ എനിക്ക് മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട്. വിരസമായ യാത്രയുടെ നീണ്ട മണിക്കൂറുകള്‍ മുമ്പിലുണ്ടായിരുന്നതിനാല്‍ കുമാര്‍ ഉദ്വേഗത്തോടെ അഹദിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. റോഡിനു ഇടതു വശത്ത്‌ ഒരു കിലോമീറ്ററോളം ഭാഗത്ത് പച്ചപ്പ്‌ വിരിച്ചു നിന്നു.ഉയരം കുറഞ്ഞ ഈന്തപ്പനകളും മാതള മരങ്ങളും മരുഭൂമിക്കിടയില്‍ ഒരു ഭൂഗോളത്തില്‍അടയാളപ്പെടുത്തിയ കേരളക്കര പോലെ ഹരിതാഭയില്‍ കുളിച്ചു നിന്നു.മരുപ്പച്ചയില്‍ ഏതോ ബദുവി അറബി വളര്‍ത്തിയ ആട്ടിന്‍ പറ്റങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ ഒരാട്ടിന്‍ കുട്ടി പാതയരികിലെ മണലില്‍ മഴയേറ്റ് തളിര്‍ത്ത കൂമ്പിലകള്‍ സ്വാദിഷ്ടമായി ഭക്ഷിക്കുന്നു.

അഹദ് തുടര്ന്നു..പാലസ്തീനില്‍ ഇത് പോലുള്ളൊരു മരുപ്പച്ചയില്‍ ഒരു ബദവി കുടുംബത്തിലായിരുന്നു അഹദിന്റെ ശൈശവം.വരുത്തി കാലത്ത് അന്നം തേടി നഗരത്തിലേക്ക് പാലായനം ചെയ്ത പിതാവിന് പിന്നാലെ കുടുംബവും നഗരത്തിലേക്ക് കുടിയേറുകയായിരുന്നു.പതിമൂന്നു വയസ്സുള്ള അഹദും ഏഴു വയസ്സുള്ള അനിയന്‍ അരഫാത്തും കൈകുഞ്ഞായ അനിയത്തി മിസിരിയയും മാതാപിതാക്കളു മടങ്ങുന്ന കൊച്ചു കുടുംബം അല്ലലില്ലാതെ ജീവിച്ചു പോന്നു.

അഹദിന്റെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ പുറമേ ദുഖത്തിന്റെ നേര്‍ത്തൊരു കറുത്ത പാട ഇറങ്ങി വരുന്നത് കുമാറിന് കാണാന്‍ കഴിഞ്ഞു.വാഹനത്തിന്റെ അടച്ചിട്ട ഗ്ലാസ്സുകല്‍ക്കരികി ലെവിടെയോ രൂപപ്പെട്ട ചെറു സുഷിരങ്ങളില്‍ക്കൂടി തണുപ്പ് അരിച്ചു വന്നപ്പോള്‍ കുമാര്‍ തന്റെ ജാക്കറ്റ് എടുത്തണിഞ്ഞു .

അഹദും അരഫാത്തും മദ്രസ്സയിലായിരുന്നു.പ്രത്യേകിച്ച് പഠിപ്പൊന്നും നടക്കാത്ത അന്ന് അധ്യാപകരുടെ മുഖത്തു ദര്‍ശിച്ച ഭീതി അഹദിന്റെ മുഖത്തേക്കും വ്യാപിക്കുന്നത് കുമാര്‍ അറിഞ്ഞു.അയല്‍ രാജ്യമായ സയനിസ്റ്റു പട്ടാളം അഴിച്ചു വിട്ട യുദ്ധാ ക്രമണത്തിലെ ആദ്യ ഇരകളായിരുന്നു അഹദിന്റെ കുടുംബം.മദ്രസ്സയില്‍ നിന്നും തിരിച്ചു വന്ന അഹദിന്റെ കുടുംബവും വീടും പോലെ ആ ചെറു പട്ടണത്തിലെ ഒരു ഭാഗം തന്നെ തിരോഭവിച്ചിരുന്നു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അമ്മമാരെ തിരയുന്ന കുഞ്ഞു മുഖങ്ങളും സ്വന്തക്കാരെ നഷ്ടപ്പെട്ടവരുടെ അലമുറ കളും അഭയാര്‍ത്തി ക്കൂടാരങ്ങളുടെ മോന്തായവും മറികടന്നു ശൂന്യതയിലേക്ക് ലയിച്ചു.

പിന്നീട് എമിരേറ്റില്‍ നിന്നും സഹ്ഹായ ഹസ്തവുമായി വന്ന പൌരന്‍ അഹദിനെയും ഒമാനി പൌരന്‍ അരഫാത്തിനെയും ദത്തെടുക്കുകയായിരുന്നു എന്ന അറിവ് കുമാറിനെ ആശ്ച്ചര്യത്തിലാക്കി.

വാഹനം ചെറിയൊരു ചുരം കയറുകയായിരുന്നു.അസ്തമയം പകലിലേക്ക് നടന്നടുത്തു.പാതകള്ക്കിര് വശവും ഉയര്‍ന്നു നിന്ന കുന്നുകളുടെ നിഴല്‍ റോഡിനെ നനച്ചിട്ടു.ഉയരം കൂടിയൊരു കുന്നിന്‍ പിറകിലേക്ക് നീങ്ങി നിന്നു സൂര്യന്‍ അവരെ ഒളി കണ്ണിട്ടു നോക്കി.ച്ചുരമിറങ്ങിയ വാഹനം സമതലത്തെത്തി.

റോഡിന്റെ ഇരുഭാഗവും വൃത്തിയായ മണല്‍ ത്തരികലാല്‍ മരുഭൂമി പരന്നു കിടന്നു. സന്ധ്യാ നമസ്കാരമായെന്ന റിയിച്ച് അഹദിന്റെ മൊബൈലില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ അഹദ് വാഹനം അരികു ചേര്‍ത്തു നിര്‍ത്തി. പകലിനെ ആലിംഗനം ചെയ്ത ഇരുട്ടിന്റെ നേര്‍ത്ത മാസ്മരികത കുമാറിനെ വീണ്ടും അജ്ഞാതമായ ഏതോ ഗൃഹാതുരതകളിലേക്ക് നടത്തി.


വൃത്തിയായ മണലില്‍ സ്പര്‍ശിച്ചു ശുചിയായ കൈകളും മുഖവുമായി അഹദ് നമസ്കരിച്ചു.പിന്നെ അല്‍പ നേരം പ്രാര്തനകളില്‍ മുഴുകി.ദൂരെ ഒമാന്‍ രാഷ്ട്രം ആരംഭിക്കുന്ന ചെറു ഗ്രാമങ്ങളുടെ ചെറു വെളിച്ചം മിന്നാമിനുങ്ങുകളെ പോലെ അവ്യക്തമായി കാണുന്നുണ്ടായിരുന്നു.പാലസ്തീന്‍ രാജ്യത്ത് ജനിച്ച ഒരേ കൂടപ്പിറപ്പുകള്‍ രണ്ടു അറബ് സംസ്കാരത്തി ലലിഞ്ഞു എമിരെട്ടിലും ഒമാനിലുമായി വ്യത്യസ്ത രക്ഷിതാക്കളുടെ പരിലാളനയില്‍ ജീവിക്കുന്ന ചിത്രം ഒരു കഥയായി കുമാറിന്റെ മനസ്സില്‍ രൂപപ്പെട്ടു വരികയായിരുന്നു.

വീണ്ടും യാത്ര തുടങ്ങുമ്പോള്‍ അഹദിന്റെ മുഖം പഴയത് പോലെ പ്രസന്നമായിരുന്നു.കണ്ണിനും പുറത്തേക്ക് നിഴലിച്ചു നിന്ന ദുഖത്തിന്റെ കറുത്ത പാട എവിടെയോ പോയൊളി ച്ചിരുന്നു.അഹദിന്റെ സഹോദരനെ കാണാനുള്ള ആകാംക്ഷ കുമാറിനെ ആഹ്ലാദിപ്പിച്ചതും അവരുടെ വാഹനം ഒമാനിലേക്ക് സ്വാഗതം എന്നെഴുതിയ ചെറു ഗ്രാമത്തിഎക്ക് പ്രവേശിച്ചിരുന്നു........