Tuesday, October 12, 2010

തിരിച്ചറിയാത്ത ജനുസ്സിന്റെ ആധി പേറുന്നവര്‍ ...

തടാകത്തിലേക്ക് പോക്കുവെയില്‍ വീണു കിടന്നു.കൈയിലെ പോപ്‌കോണിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തിലെക്കെറിഞ്ഞ കുട്ടികളെ വിദേശികളായ ദമ്പതികള്‍ ശകാരിച്ചു.കരയില്‍ നിന്നും വെള്ളത്തിലേക്ക് നീട്ടി പണിതതായിരുന്നു ആ റസ്ടോറണ്ട്.

ശിഹാബ് അക്ഷമനായി മരിയയെ കാത്തിരുന്നു.എതിരെയിട്ട ടേബിളില്‍ നിഘൂടമായ ഏതോ മൌനം മുഖത്തണിഞ്ഞു രണ്ടു കമിതാക്കള്‍ യാത്രക്കാരെ കയറ്റി നീങ്ങിയ ബോട്ടിലേക്ക് നോട്ടമയച്ചിരുന്നു.അബ്രയില്‍ തിരക്ക് കൂടിത്തുടങ്ങി.മോഹങ്ങളും മോഹഭംഗങ്ങളും ചാലിച്ച മുഖങ്ങള്‍ ബോട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.

''ശിഹാബ് നീയെന്നെ വിവാഹം കഴിക്കുമോ?''മരിയയുടെ പൊടുന്നനെയുള്ള ചോദ്യം തമാശയായിരിക്കുമെന്നവിശ്വാസത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി.പക്ഷെ ഒരു നിശ്ചയ ദാര്‍ഡ്യം അവളുടെ മുഖത്ത് അയാള്‍ ദര്‍ശിച്ചു.ഒരു മറുപടി ക്കായി ഉഴറിയ അയാളുടെ മനസ്സിലേക്ക് അവള്‍ ബാലുശ്ശേരി കൊട്ടനട വയല്‍ ക്ഷേത്ര ത്തിലെ ആരാട്ടിനെ ക്കുറിച്ചുള്ള അറിവുകള്‍ നിവര്‍ത്തിയിട്ടു.

മരിയ എന്നും അങ്ങിനെയായിരുന്നു.സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ അനായാസേന മറ്റൊരു ബന്ധവുമില്ലാത്ത വിഷയത്തിലേക്ക് സന്നിവേശിപ്പിക്കും.ആര്‍ക്കും പിടി കിട്ടാത്തൊരു മനസ്സുമായി ഉത്തരം കിട്ടാത്തൊരു സമസ്യ പോലെ മരിയ ജീവിച്ചു.

ശിഹാബ് വീണ്ടും മരിയയുടെ സെല്‍ ഫോണിലേക്ക് ഡയല്‍ ചെയ്തു.നിരാശയായിരുന്നു ഫലം.പ്രവര്‍ത്തനരഹിതം .കൊക്ക്ടെയിലിനു ഓര്‍ഡര്‍ കൊടുത്തു ഒരു സിഗരറ്റിനു തീ കൊളുത്തി മരയഴിയിട്ട കസാരയിലേക്ക് അയാള്‍ ചാഞ്ഞിരുന്നു .കുറച്ചകലെ ചരക്കു കയറ്റിയ ഒരു കപ്പല്‍ ഇറാനിലേക്ക് പുറപ്പെടാനായി തയാറെടുത്തു നിന്നു.

ഇന്ന് വ്യാഴാഴ്ച രണ്ടു മണി യോടെ ജോലി അവസാനിച്ചു.സെല്‍ ഫോണില്‍ ചാര്‍ജു കുറവായിരുന്നു.അവീറില്‍ ഇന്നും ബാര്‍ ദുബായി ലേക്കുള്ള ബസ്സ് ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് മരിയക്ക് തോന്നി. ഇന്നലെ രാത്രി നെറ്റില്‍ പരിചയപ്പെട്ട ഒരു സുഹൃത്തുമായി സംസാരിച്ചിരുന്നു വളരെ വൈകിഉറങ്ങിയ ക്ഷീണം മരിയയുടെ കണ്ണുകളില്‍ കാര്‍മേഘം പോലെ തൂങ്ങിക്കിടന്നു .സെല്‍ ഫോണിലെ ചാര്‍ജു പൂര്‍ണ്ണമായും തീര്‍ന്നു ബാഗില്‍ വിശ്രമിക്കുന്നത് മരിയ അറിഞ്ഞില്ല.

യാത്ര കഴിഞ്ഞു തിരിചു വന്ന ഒരു ചരക്കു കപ്പല്‍ തുറമുഖത്ത് കിതച്ചു നങ്കൂരമിട്ടു.നിറം മങ്ങിയ അടിവസ്ത്രങ്ങള്‍ കപ്പിത്താന്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ ഉണങ്ങാന്‍ വിരിച്ചിട്ടു.താഴ് ഭാഗത്ത് തലങ്ങും വിലങ്ങുമായി ജീവനക്കാര്‍ ഉറക്കമാരംഭിച്ചു .

ഇന്നേക്ക് മൂന്നു മാസം മരിയക്കൊരു മറുപടി കൊടുക്കാന്‍ ശിഹാബിനായില്ല.അവള്‍ വരില്ലേ?..ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി ശിഹാബ് അവള്‍ക്കൊന്നു കൂടി ഡയല്‍ ചെയ്തു.ശിഹാബിന്റെ സെല്‍ഫോണില്‍ നിന്നും പുരത്തെക്കുപോയ തരംഗങ്ങള്‍ ചാര്‍ജില്ലാതെ പ്രവര്‍ത്തന രഹിതമായ മരിയയുടെ സെല്‍ ഫോണിനെ പരിഗണി ക്കാതെ ബര്‍ദുബായിലെ അനേകം ടവറുക ലിലെവിടെയോ തട്ടി ചിതറിപ്പോയി.

മരിയ ചിലപ്പോള്‍ തന്റെ ചോദ്യം മറന്നിരിക്കാം.എങ്കിലും അവലോടെന്തു സംസാരിക്കുമെന്നറിയാതെ അയാള്‍ കുഴങ്ങി.വെറുമൊരു ഭ്രമത്തെ തുടര്ന്നു ശ്രീലങ്കന്‍ വംശജയായ അവളുടെ മാതാവിനെ പ്രണ യിച്ച ബാലുശ്ശേരി ക്കാരന്‍ മാധവേട്ടനെ ക്കുറിച്ചോ.. മരിയയുടെ പത്താം വയസ്സില്‍ ജന്മ നാടായ ബാലുശ്ശേരി യിലേക്ക് അവധിക്കു പോയി ഹൃദയാ ഘാതം മൂലം മരിച്ച പിതാവിനെക്കുറിച്ചോ.. പിതാവിന്റെ മരണ ശേഷം മരിയയെ തനിച്ചാക്കി മറ്റൊരു കാമുകന്റെ തണല് തേടി പോയ മാതാവിനെക്കുറിച്ചോ...റ സ്ടോ റ ണ്ടി നു മുന്നില്‍ തഴച്ചു വളര്‍ന്നു നിന്ന ബദാം മരത്തിന്റെ താഴ് ഭാഗത്തെ കടും പച്ച നിറത്തിലുള്ള ഇലകളില്‍ സന്ധ്യാ സൂര്യന്‍ ഉമ്മ വെച്ചു അഗ്രങ്ങളില്‍ ഇളം പച്ച നിറത്തിലുള്ള ഇലകളില്‍ കാറ്റും .ചരക്കു കപ്പലുകളുടെ മുകള്‍ ത്തട്ട് മാത്രം നിഴലായി സമീപത്തെ കെട്ടിടങ്ങളില്‍ രേഖാ ചിത്രം വരച്ചു.

അന്തരീക്ഷ ഈര്‍പ്പവും ചൂടും സമനിലയില്‍ ക്രമീ കൃത മാണെങ്കിലും മരിയ വിയര്‍പ്പില്‍ കുളിച്ചിരുന്നു പേരറിയാത്ത ഏതോ സുഗന്ധ ദ്രവ്യവും വിയര്‍പ്പും ചേര്‍ന്നുള്ള ഗന്ധം ശിഹാബിനെ ഉന്മത്തനാക്കി.ശിഹാബിന്റെ വലതു കവിളിലൊന്ന് തട്ടി മരിയ ഒരു വാനില ഐസ് ക്രീമിനു ഓര്‍ഡര്‍ കൊടുത്തു.

കഴിഞ്ഞ വാരം ഒരു മലബാറി സുഹൃത്തിനൊപ്പം മൃഗശാല സന്ദര്‍ശിക്കുവാന്‍ അലൈനിലേക്കുള്ള യാത്രയില്‍ അയാളുടെ കുസൃതി കളെക്കുറിച്ച് മരിയ വാചാലയായി.പിന്നെ മുഖത്തു ശോകം പടര്‍ന്നു തുടങ്ങി.കുറച്ചു നിമിഷം തല ചായ്ചിരുന്നുഉയര്‍ത്തിയ മുഖം മറ്റൊരു മരിയ യുടെതായിരുന്നു.നഷ്ടപ്പെട്ട തിരിച്ചറിയല്‍ രേഖയുടെ ആവലാതികള്‍ അവള്‍ അവനു മുമ്പില്‍ അഴിച്ചിട്ടു.

മൌനം ഘനീഭവിച്ച മുഖവുമായി കമിതാക്കള്‍ എഴുന്നേറ്റു പോയ ഇരിപ്പിടത്തില്‍ ശിഹാബിന് മറുവശം നാമമാത്ര വസ്ത്രം ധരിച്ച റഷ്യന്‍ സ്ത്രീയെ മറഞ്ഞു മരിയ നീങ്ങിയിരുന്നു..ബാലുശ്ശേരി യിലെ ഏതോ ഒരു വീട്ടില്‍ പാസ് പോര്ട്ടിന്റെ രൂപത്തില്‍ തന്റെ തിരിച്ചറിയല്‍ രേഖ അനാഥമായി ക്കിടക്കു ന്നുണ്ടാ വുമെന്നു അവള്‍ പറഞ്ഞു.അതോ സം വത്സര ങ്ങളായി കൊട്ടനടയില്‍ ആറാട്ട് ഉത്സവം നട ക്കുന്ന തറിയാതെ..പുതിയ തണല്‍ തേടി തന്നെ മറന്നു യാത്ര പോലും പറയാതെ ഇറങ്ങിപ്പോയ മാതാവിലോ?..അബ്രയിലെ പഴയ മ്യൂസിയ ത്തിന്റെ ചുവരിലേക്ക് ചേര്‍ന്ന് നിന്നു മരിയ വിതുമ്പി.

ബദാം മരത്തിലെ തളിരി ലകളെ മാത്രം കാറ്റ് ഇളക്കി.അടുത്ത കെട്ടിട ങ്ങളില്‍ നിന്നും വര്‍ണ്ണ വെളിച്ചങ്ങള്‍ കെടാതെ തടാകത്തിലേക്ക് ഇറങ്ങി നിന്നു.യാത്രക്കാരെ കയറ്റി ക്ഷീണിച്ച ബോട്ടുകള്‍ കരയ ടുത്തു വിശ്രമം തുടങ്ങി.തല മുണ്ഡനം ചെയ്തൊരു വിദേശി തടാകത്തിലേക്ക് ചൂണ്ട ആഞ്ഞെറിഞ്ഞു.

തിരിച്ചറിയാത്ത ജനുസ്സിന്റെ ആധി പേറി തടാകത്തില്‍ നീരാടി തിരിച്ചു വന്ന നീര്‍ക്കിളി മ്യൂസിയത്തിന് മുകളില്‍ പരന്നിരുന്നു,ഇണ ക്കിളിയുടെ ചിറകി നിടയിലെന്തോ തിരഞ്ഞു...

മരിയാ,,നീ തനിച്ചല്ല .ഞാനുണ്ട് കൂട്ടിനു..എന്നും മരിയയുടെ ആര്‍ദ്രമായ കണ്ണുകളിലേക്കു നോക്കി ശിഹാബ് മന്ത്രിച്ചു..

തടാക ത്തിലൊന്നു മുങ്ങി നിവര്‍ന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു ലക്‌ഷ്യം വെച്ചു പറന്ന ഇണക്കിളിയെ നീര്‍ക്കിളി അനുഗമിച്ചു...........