Friday, November 25, 2011

ആട് മമ്മതിന്റെ മകന്‍ ....

ഉറങ്ങാന്‍ കിടന്നത് മരുഭൂമിയിലായിരുന്നു. ഉണര്‍ന്നെഴുന്നേറ്റത്   കരിപ്പൂര്‍ വിമാനത്താവളത്തിലും .ആട് മമ്മതിന്റെ ജീവിത യാത്രയുടെ പ്രത്യേകത പോലെ തന്നെ!
         ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, മലബാറിലെ വടകരയെന്ന ഗ്രാമത്തിലെ കുടുംബസ്വത്തായ ഇരുപതു സെന്റു സ്ഥലം വിറ്റ് , കൂടപ്പിറപ്പുകളെ വയനാട്ടില്‍ ഒരു ലക്ഷം വീട് കോളനിയിലാക്കി, ബോംബെ വഴി അബുദാബിയിലേക്ക് വിമാനം കയറിയ അയാള്‍ക്ക്‌, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ജീവിതത്തില്‍ തന്റെ ജീവിതമൊഴിച്ചു മറ്റെല്ലാം നേടി.വൈത്തിരിയിലെ മൂന്നേക്കറോളം വരുന്ന ഭൂമിയില്‍ പുരാതനമായി   നിര്‍മ്മിച്ച ടൂറിസ്റ്റു ഹോമിന്റെ ഉടമസ്ഥാവകാശം, തന്റെ പേരിലേക്ക് നാളെ  register  ചെയ്യുമെന്ന് കാര്യസ്ഥന്‍ മമ്മാലി അറിയിച്ചപ്പോള്‍ പറന്നെത്തിയതാണ് ആട് മമ്മതിന്റെ മകന്‍ റഹീം.

        അഹങ്കാരത്തോടെ, ഞാന്‍ ആട് മമ്മതിന്റെ മകനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് റഹീമിനു തോന്നിയത് ഇന്നലെ ഉച്ചക്ക് ശേഷമുള്ള ആ സംഭവത്തിനു ശേഷമാണ്.പിന്നേടയാള്‍ അഹങ്കരിക്കാന്‍ വെമ്പി നിന്ന മനസ്സിനെ ശാസിച്ചു.എല്ലാം പടച്ച തമ്പുരാന്റെ വിധി.....
         ടൂറിസ്റ്റു ഹോമിലെ ശിതീകരിച്ച മുറിയില്‍ ഉച്ച മയക്കത്തിലേക്കുള്ള തയ്യറെടുപ്പിലേക്കാണ് ആശ്രിതന്‍ വീരാന്‍ ഒരു വൃദ്ധന്‍ കാണാന്‍ വന്നിരിക്കുന്നു എന്നറിയിച്ചത്.വീരാന്‍ അയാളുടെ മുമ്പിലേക്ക് ആനയിച്ചത് തന്റെ ഓര്‍മ്മകളുടെ പരിധികളിലും അപ്പുറത്തേക്ക് മാഞ്ഞു പോയ വളരെ മെല്ലിച്ച ശരീരവുമായി ഒരു വൃദ്ധന്റെ രൂപമായിരുന്നു.അയാളുടെ അതെ മുഖച്ചായയുള്ള ആരോഗ്യ ദൃഡഗാത്രമായ ഏതോ ഒരു രൂപം തന്റെ മനസ്സിലെവിടെയോ ഒളിച്ചിരിപ്പുണ്ട്.
             അതെ, ഈ മനുഷ്യനെ എനിക്കറിയാം.... പൊടുന്നനെ അയാളുടെ ഓര്‍മ്മകള്‍ മലബാറിലെ ആ ഗ്രാമത്തിലേക്ക് തെന്നി നീങ്ങി.ആട് മമ്മതെന്ന ഇരട്ടപ്പേരിട്ടു ബാപ്പയെ വിളിച്ച ഗ്രാമം......
വീടുകള്‍ തോറും കയറി യിറങ്ങി ആടുകളെ വാങ്ങി ചന്തയില്‍ വിറ്റു കിട്ടുന്ന തുച്ചമായ ലാഭത്തില്‍ വളരെ ഞെരുങ്ങി ജീവിച്ച ബാല്യം...
മൂത്തവനായ തന്റെ താഴേക്കു എട്ടു കുട്ടികളുടെ വിശപ്പിന്റെ വിളിയിലേക്ക് അന്തം വിട്ടു നോക്കി നിന്ന ഉമ്മ.....
ആടുകളെ തേടി ഗ്രാമങ്ങളിലൂടെ അലഞ്ഞ ബാപ്പയുടെ വിണ്ടു കീറിയ കാലടികള്‍ കണ്ടു ഉള്ളു തകര്‍ന്ന കൌമാരം....
            മിക്ക ദിനങ്ങളിലും സൂര്യനുദിക്കും മുമ്പേ ആടുകളെ തേടിയലഞ്ഞു തുടങ്ങുന്ന ജീവിതം പല സന്ധ്യകളും ആടില്ലാതെ ഒരു കയര്‍ത്തുണ്ടുമായാണ്  മടങ്ങിയെത്താറുള്ളത്.വില വര്‍ധനയും ആട് ഫാമുകളുടെ ബാഹുല്യവും ആട് മമ്മതെന്ന ബാപ്പക്ക് ജീവിതം തന്നെ ദുസ്സഹമായ അന്തരീക്ഷത്തിലെക്കാണ് ഒരശനിപാതം പോലെ വിശപ്പിന്റെ മാറാ വ്യാധിയായ കുടല്‍പ്പുണ്ണിന്റെ രൂപത്തില്‍ ഉമ്മയും പരലോകം പൂകിയത്‌.
           രണ്ടു വയസ്സുള്ള ഇളയ കുട്ടിയടക്കം അഞ്ചെട്ടു കുരുന്നു മുഖങ്ങളിലേക്ക് നോക്കി പകച്ചു നിന്ന ബാപ്പയെ വീണ്ടുമൊരു വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് ഒരു തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല.പക്ഷെ അവസാനം ബാപ്പയുടെയും വേണ്ടപ്പെട്ടവരുടെയും നിര്‍ബന്ധ പ്രകാരം യൌവ്വനത്തിലേക്ക് കാലൂന്നിയ തന്നെ, തന്റെ മുമ്പില്‍ കാണുന്ന ഈ മെല്ലിച്ച വൃദ്ധന്റെ മകളെ പെണ്ണു കാണാന്‍ പോകാന്‍ നിര്‍ബന്ധിതമായപ്പോള്‍ അനുസരിക്കുകയായിരുന്നു.
        പക്ഷെ മനുഷ്യര്‍ ഒന്ന് ചിന്തിക്കുന്നു പടച്ച തമ്പുരാന്‍ മറ്റൊന്ന് നിശ്ചയിക്കുന്നു.അത്രയൊന്നും വിരൂപനല്ലാത്ത അയാള്‍ ആ പെണ്കുട്ടി മുഖത്തു നോക്കി നിന്നെ എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞപ്പോള്‍ ,അവളുടെ സഹോദരന്‍ വഴി വിദേശത്തേക്ക് ഒരു വിസ സംഘടിപ്പിച്ചു തന്റെ കൂടപ്പിറപ്പുകളുടെ പട്ടിണി മാറ്റുക ,എന്നതിലുപരി അവര്‍ക്കൊരു ഉമ്മയുടെ തുണയുമായി അവള്‍ കൂടെ യുണ്ടാവുമല്ലോ എന്നൊരു സമാധാനമായിരുന്നു.പക്ഷെ അവളുടെ ആ വാക്കുകള്‍ ഒരു ആണിന്റെ അഭിമാനത്തിനേറ്റ ക്ഷതമായിട്ടാണ് അയാള്‍ക്ക്‌ അനുഭവപ്പെട്ടത്.
         ആദ്യമായി ഒരു പെണ്ണു മുഖത്തു നോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍, മൊത്തം സ്ത്രീകളോട് തോന്നിയ വെറുപ്പ്‌ ഈ നാല്പത്തഞ്ചാം വയസ്സിലും അയാള്‍ മനസ്സില്‍ സൂക്ഷിച്ചു പോന്നു.
         എന്നാല്‍ ഈ വൃദ്ധന്‍ ഒരു നിമിത്തം പോലെ.........
 ദൈവം തമ്പുരാന്‍ തന്നെ യായിരിക്കാം  ഇയാളെ വീണ്ടും തന്റെ മുമ്പിലേക്ക് കൊണ്ട് വന്നതെന്നയാള്‍ വിശ്വസിച്ചു.വൃദ്ധന്‍ അയാളുടെ കഥ പറഞ്ഞു തുടങ്ങി.
         സമ്പന്നമായ തന്റെ ഭൂത കാലത്തെക്കുറിച്ചു..പെട്രോ ഡോളറിന്റെ വരവിലെ സുഖലോലുപതയില്‍  വൃത്തികെട്ട കൂട്ട് കെട്ടിനാല്‍ മദ്യത്തിനടിമയായ തന്റെ ഏക മകനെക്കുറിച്ച് ..അതിലേറെ, തന്റെ സമ്പല്‍ കാലത്ത് ദരിദ്രമായ ആട് മമ്മതിന്റെ ദരിദ്രതയുമായി സാമ്യമുള്ള തന്റെ വര്‍ത്തമാന കാലത്തെ ക്കുറിച്ച്..ഭര്‍ത്താവ് മരിച്ചു വിധവയായി ജീവിക്കാന്‍ വിധിച്ച പതിനാറു വയസ്സുള്ള മകന്റെ മാതാവായ നിന്റെ മുഖത്തു നോക്കി നിന്നെ ഇഷ്ടമില്ലാ എന്ന് പറഞ്ഞ മകളെക്കുറിച്ച്‌...
           വൃദ്ധന്റെ വാക്കുകള്‍ ഇടയ്ക്കിടെ ഗദ്ഗദം കൊണ്ട് മുറിച്ചില് ഉണ്ടാക്കുന്ന ഇടവേളകളില്‍ തന്റെ ഉച്ചയുറക്കം  മറക്കാനായി  അയാള്‍ പുക വലിച്ചു കൊണ്ടിരുന്നു.        വൃദ്ധന്‍  തുടര്‍ന്നു... 
          ഗ്രാമത്തിലെ ഏറ്റവും സുന്ദരനും സമ്പന്നനുമായ യുവാവുമായിത്തന്നെ മകളുടെ വിവാഹം ആര്‍ഭാടമായി നടന്നു.വെറും മൂന്നു മാസത്തെ ദാമ്പത്യ മായിരുന്നു അവള്‍ക്കു വിധിച്ചത് വയനാടന്‍ ചുരമിറങ്ങി വന്ന ഒരു നാഷണല്‍ പെര്‍മിറ്റു ലോറി ഭര്‍ത്താവ് സഞ്ചരിച്ച കാറിനെ നിശ്ശേഷമായി തകര്‍ത്തപ്പോഴാണ് അവളുടെ ജീവിതവും തകര്‍ന്നത്.തങ്ങളുടെ മകന്‍ അപകടപ്പെടാന്‍ കാരണം അവളുടെ ദോഷമാണ് കാരണമെന്ന് അന്ധ വിശ്വാസികളായ ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുത്ത് വാക്കുകള്‍ക്കു മറുത്തൊന്നും പറയാതെ അവള്‍ തിരികെ വരികയായിരുന്നു.
            അസാമാന്യ ബുദ്ധി ശാലിയും പഠനത്തില്‍ ഏറെ താല്പര്യവുമുള്ള അവളുടെ മകന്റെ തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായം അത് മാത്രമായിരുന്നു വൃദ്ധന്റെ ഈ വരവിനുള്ള ലക്‌ഷ്യം.
         പൂര്‍ണ്ണമായ മനസോടെ മകന്റെ തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായവും ആ കുടുംബത്തിന്റെ തന്നെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തു വൃദ്ധനെ യാത്രയാക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നന്മ നിറഞ്ഞ അല്പം അഹങ്കാരം ഉടലെടുത്തതോടൊപ്പം, തന്റെ ജീവിതം തന്നെ ഒരു പൊളിച്ചെഴുത്തിനായി അയാളുടെ മനസ്സ് തയ്യാറെടുക്കുകയായിരുന്നു...........





 

Tuesday, November 22, 2011

''ഒറ്റയിതള്‍ പൂ പോലെ, ശ്വേത......"

മിലന്‍ കത്തി ജ്വലിക്കുന്ന സൂര്യനാണ് .ആകാശത്തിന്റെ മധ്യം കൈയടക്കി മനസ്സിലെപ്പോഴും കത്തുന്ന മദ്ധ്യാഹ്നം സൂക്ഷിക്കുന്നവന്‍.മിഥുന്‍ പക്ഷേ നേരെ വിപരീതമായിരുന്നു.ഒരിക്കലും സൂര്യനെത്തി നോക്കാത്ത മഞ്ഞ് മലകളിലെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഒരു താപസ മുനിയെപ്പോലെ അവന്‍ ജീവിച്ചു.

പിന്നെ ശ്യാം.ഒരു മമത,അല്ലെങ്കില്‍ ആര്‍ത്തിയോടെ ഒരു നോട്ടം ..തന്നിലേക്ക് ഒരിക്കലും എയ്യാത്തവന്‍.ചിന്തകളില്‍ നിന്നും മിലന്റെ ഫോണ്‍ കോളാണ് ശ്വേതയെ ഉണര്‍ത്തിയത്.

''കത്തിജ്വലിക്കുന്ന എന്റെ മദ്ധ്യാഹ്നം നഷ്ടപെട്ട ഈ സായാഹ്നം തിരകളില്ലാത്ത ജുമൈരയിലെ  കടല്‍ നോക്കി,നിലാവില്ലാത്ത ആകാശം കണ്ട് ബാക്കിയാവുന്ന രാത്രി നമ്മള്‍ നെഞ്ചില്‍ ഏറ്റുന്നു..''

തിരകളില്ലാത്ത കടലും നിലാവില്ലാത്ത രാത്രിയുടെ ആകാശവും മിലന്‍  നിന്റെ കൈവിരലുകളുടെ  കുസൃതിയാല്‍ ഒരനുഭൂതിയാക്കുമെന്ന്‍ എനിക്കുറപ്പാണ് .എന്റെ വിശ്വാസങ്ങളില്‍ നീയെപ്പോഴും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന  ഈ വൈകുന്നേരം പ്രത്യേകിച്ചും.എന്റെ നിശ്വാസങ്ങളില്‍ നിന്റെ ഉമിനീരിന്റെ ഗന്ധമുണ്ടാവുമെന്നു എപ്പോഴും കളിയാക്കുന്ന മിഥുന്റെ ഓരോ മധ്യാഹ്നങ്ങളിലും.

മഞ്ഞ് മലകളുടെ ഗര്‍ത്തങ്ങളില്‍ ശ്വേതയുടെ കാള്‍ റിങ്ങിന്റെ അവസാന പരിധിയുടെ അലകളും തീര്‍ത്ത ശേഷമാണ് മിഥുന്‍ പ്രതികരിച്ചത്.

കാറ്റില്ലാതെ തണുത്തുറഞ്ഞ മലകളില്‍ വീണ ഇലകൊഴിയും വൃക്ഷങ്ങളുടെ നിഴല്‍ പോലെ തന്നെ ഉണര്ത്തുവാനാവാത്ത മിഥുന്റെ സ്പര്ശംപോലെ അവന്റെ ശബ്ദം നേര്‍ത്തിരുന്നു.

അവന്റെ പിശുക്കിയ വാക്കുകള്‍ക്കും  ശ്വേത  മഞ്ഞിന്റെ തണുപ്പറിഞ്ഞു. ഒരു കൂട്ടം വാക്കുകള്‍ക്ക് നീണ്ട മൌനം പേറിയ നിമിഷങ്ങള്‍ക്കു  ശേഷം മിഥുന്റെ  വെറുമൊരു മൂളലില്‍ അവള്‍  മടുപ്പനുഭവിച്ചു.

കണ്ണുകള്‍ തുറന്നു വെച്ചു കല്പകവൃക്ഷത്തോപ്പുകളുടെ ഇടയിലുള്ള മനോഹരമായ ഒരു സായാഹ്നം സ്വപ്നം കാണുകയായിരുന്ന ശ്വേതയെ  ശ്യാം മോഹന്‍ കൈപിടിച്ച് ഇറക്കി കൊണ്ടുപോയത്  മരുഭൂമിയിലെ  മധ്യത്തിലുള്ള  ആ കൊട്ടാരത്തിലെക്കായിരുന്നു.

''മരുഭൂമികള്‍ പൂങ്കാവനങ്ങളാവും..അതാണ്‌ ലോകാവസാനത്തിന്റെ അടങ്ങളില്‍ ഒന്ന്.'' ശ്യാമിന്റെ സുഹൃത്തായ കൊട്ടാരം കാവല്‍ക്കാരന്‍  പറഞ്ഞത് സത്യമാവുമെന്നു ശ്വേത വിശ്വസിച്ചു.

ആറു മാസത്തിലൊരിക്കല്‍ കൊട്ടാരം സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിച്ച ഭക്ഷണ അവശിഷ്ടങ്ങള്‍ മണല്‍ മാന്തി നിക്ഷേപിച്ച കൊട്ടാരം കാവല്‍ക്കാരന്‍ അന്നൊറ്റപ്പെടാത്ത ദിനത്തിന്റെ ആഹ്ലാദത്തിലാണെന്നു മുഖഭാവം തെളിയിച്ചു.

കൊട്ടാരച്ചുവരുകളിലെ മാര്‍ബിള്‍ ഫലകങ്ങളില്‍ തട്ടി പോക്കു വെയില്‍ പ്രതിഫലിപ്പിച്ചിട്ട പടവുകളില്‍ ശ്യാമും ശ്വേതയും ഇരുന്നു.

''ഞാനിപ്പോള്‍ ആരെയും തേടിപ്പോകാറില്ല..പണ്ട് ഞാന്‍ തെടിപ്പോയവരും എന്നെ തേടിയെത്തിയവരും എനിക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമായിരുന്നു.ശ്യാം പറഞ്ഞു.

രാജകുമാരന്റെ വ്യത്യസ്തമായൊരു വിനോദം..കുതിരപ്പുറത്തേറി വന്ന്‍ കൊട്ടാര മതിലുകളില്‍ സ്ഥാപിച്ച സൌരോര്‍ജ്ജ വിളക്കുകളെ തന്റെ ഇരട്ടത്തോക്കിനാല്‍ ഉന്നം വെച്ചു തകര്‍ത്തിടുക.കാവല്‍ക്കാരന്‍ വിളക്കുകള്‍ പുനസ്ഥാപിക്കുന്ന ജോലിയില്‍ വ്യാപ്രുതനാകുമ്പോള്‍ മണല്‍ ക്കുന്നുകള്‍ക്കിടയിലെക്ക് സൂര്യന്‍ തന്റെ മുഖം പൂഴ്ത്തിയിരുന്നു.

ഞാന്‍ തേടിപ്പോയവരും എന്നെത്തേടിയെത്തിയവരും പതിയെ മറവിയുടെ രതോ ഇരുളിടങ്ങളില്‍ അപ്രത്യക്ഷരായി ഞാനൊറ്റയായ വേളയിലാണ് നീ എന്നിലേക്ക്‌ കടന്നു വന്നത്.ശ്യാം തുടര്ന്നു.

മറ്റിതളുകളുടെയെല്ലാം സൌന്ദര്യം ആവാഹിച്ച് ഒരൊറ്റയിതള്‍ പൂ പോലെ നിന്റെ ഓര്‍മ്മകള്‍ എന്നില്‍ സൌരഭ്യം പകര്‍ന്നു.മിഥുനെപ്പോലെ ശ്യാമിന്റെ പതിഞ്ഞ വാക്കുകള്‍ ശ്വേതയെ തരളിതയാക്കിയത് ശ്യാം ഒരു വേള മിലനേ പ്പോലെ തന്നെ തലോടിയിരുന്നെ ങ്കില്‍ എന്നാഗ്രഹിച്ചിട്ടായിരുന്നു.ശ്വേതയുടെ മുന്നില്‍ ശ്യാം മിലനെപ്പോലെ കത്തി ജ്വലിക്കുന്ന ഒരു സൂര്യനായ് അവതരിച്ചു.

മരുഭൂമി ആകാശം പകുത്തെടുത്തിട ത്ത്  വൈകുന്നേരം നഷ്ടപ്പെട്ടിരുന്നു.ആകാശ നിറമുള്ള നേര്‍ത്ത നീലവിരി ഒരു ഭാഗത്തേക്ക് നീക്കിയിട്ട കിടപ്പറയിലെ നഗ്നതയിലേക്ക്‌ നിലാവ് പെയ്തിറങ്ങി.

മിലന്റെ കപട സദാചാര ബോധത്തെ ശേത അവഗണിച്ചതായിരുന്നു ശ്യാമിന്റെ കൂടെയുള്ള ഈ പൊരുള്‍.കൊട്ടാരം കാവല്‍ക്കാരനെ  സാക്ഷിയാക്കി മോതിരം കൈമാറിയ ആരാത്രി സൌരോര്‍ജ്ജ വിളക്കുകള്‍ വീണ്ടും തകര്‍ക്കപ്പെട്ടിരുന്നു.


നിലാവില്‍    നിറമെന്തെന്നറ യാത്ത കൊട്ടാരപ്പൂങ്കാവനങ്ങ ളിലെ
നനഞ്ഞു നിന്ന പൂക്കള്‍ക്കും കിടപ്പറയില്‍ നിന്നും കൊട്ടാരപ്പടവുകളിലേക്ക് ഒഴുകിപ്പരന്ന രക്തത്തിനും ഒരേ നിറമായിരുന്നു.......
ആ രാവ്‌ വെളുക്കും മുമ്പേ അവരുടെയും കൊട്ടാരം  കാവല്കാരന്റെയും ലോകം അവസാനിച്ചിരുന്നു...